ഇന്ധന വിലയെ മറികടക്കാനായി കണ്ണുംപൂട്ടി ഇലക്‌ട്രിക്കിലേക്ക് ചേക്കേറുകയാണ് ആളുകൾ. ഇക്കാലത്ത് പെട്രോൾ വാഹനങ്ങൾക്കൊന്നും കാര്യമായ പ്രസക്തിയില്ലെന്ന് വാദിക്കുന്ന ഒരുകൂട്ടം ആളുകള്‍ നമുക്കിടെയിലുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ കെൽപ്പുള്ള ചില കിടിലൻ മോട്ടോർസൈക്കിളുകൾ ഇപ്പോഴും വിപണിയിലുണ്ടെന്നത് മറന്നുപോവരുതേ. അതും സ്‌കൂട്ടറുകളേക്കാൾ മൈലേജ് തരുന്ന മിടുക്കൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ. ഇവിയേക്കാൾ കൂടുതൽ പ്രായോഗികവുമാണ് ഇവ. ചാർജ് ചെയ്യാൻ ഇടുന്നതിന്റെ മെനക്കേടില്ലെന്നത് മാത്രമല്ല. സ്വന്തമാക്കാൻ ലക്ഷങ്ങൾ മുടക്കേണ്ട എന്നതും ഇവയുടെ ഹൈലൈറ്റാണേ. ഒരു ലിറ്റർ പെട്രോളടിച്ചാൽ കിടിലൻ ഇന്ധനക്ഷമതയ്ക്ക് പുറമെ മികച്ച കംഫര്‍ട്ടുമാണ് ഇവയുടെ വാഗ്‌ദാനം. ഇന്ധനവിലയെ ഓടി തോല്‍പിക്കാന്‍ ശേഷിയുള്ള ബൈക്കുകള്‍ തിരയുന്നവര്‍ക്കു പരിഗണിക്കാവുന്ന ബൈക്കുകളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?
ഹോണ്ട SP125 : ഒരു ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഏറ്റവും പ്രായോഗികവും താങ്ങാനാവുന്നതുമായ മോട്ടോർസൈക്കിളായാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ ഹോണ്ട SP125 ബൈക്ക് അറിയപ്പെടുന്നതു തന്നെ. ദൈനംദിനാവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ഡിസൈനും ഫീച്ചറുകളുമാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എൽഇഡി ഹെഡ്‌ലാമ്പും വരെ SP125 പതിപ്പിന്റെ മോടികൂട്ടുന്നുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 123.94 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 10.72 bhp പവറിൽ പരമാവധി 10.9 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു ലിറ്റർ പെട്രോളടിച്ചാൽ 65 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നൽകുന്ന ഹോണ്ട SP125 സ്വന്തമാക്കാൻ മുടക്കേണ്ടത് 86,017 രൂപ മുതൽ 90,017 രൂപ വരെയാണ്.
ഹീറോ ഗ്ലാമർ : പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. സുഗമമായ യാത്രകൾ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം പ്രായോഗികവും താങ്ങാനാവുന്നതുമായ മോട്ടോർസൈക്കിളായിട്ടാണ് ഹീറോ ഗ്ലാമർ വരുന്നത്. 80,908 രൂപ മുതൽ 86,348 രൂപ വരെയാണ് ഇതിന് എക്സ്ഷോറൂം വില വരുന്നത്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജർ, 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് പോലുള്ള കിടിലൻ സവിശേഷതകളുമായാണ് ബൈക്ക് വിപണിയിൽ എത്തുന്നത്.
10.39 bhp കരുത്തിൽ ഏകദേശം 10.4 Nm torque വരെ സൃഷ്ടിക്കാൻ കഴിവുള്ള 124.7 സിസി എഞ്ചിനാണ് ഹീറോ ഗ്ലാമറിന്റെ ഹൃദയം. 5 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ കാര്യക്ഷമമായ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 6.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലിറ്റർ പെട്രോളിൽ 64 മുതൽ 70 കിലോമീറ്റർ വരെ മൈലേജ് നൽകാനും ഗ്ലാമർ കമ്മ്യൂട്ടർ ബൈക്കിനാവും.
ഹോണ്ട ഷൈൻ 125 : ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹോണ്ടയുടെ ഈ മെഷീൻ. 100 സിസി അല്ലെങ്കിൽ 110 സിസിയിലേക്ക് പോവുന്നതിനു പകരം പലരും സ്വന്തമാക്കാൻ കാരണം വണ്ടിയുടെ മൈലേജും കംഫർട്ടുമാണ്. 79,800 രൂപ മുതൽ 83,800 രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഹോണ്ട ഷൈൻ സ്റ്റൈലിഷ് ഡിസൈനിലുള്ള പ്രായോഗികവും താങ്ങാനാവുന്നതുമായ കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണ്.
ഹോണ്ടയുടെ നിരയിൽ SP 125 മോഡലിന് താഴെയാണ് ഷൈൻ സ്ഥാനം പിടിച്ചിരിക്കുന്നത്. 10.59 bhp പവറിൽ 11 Nm torque ഉത്പാദിപ്പിക്കുന്ന 123.94 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. അഞ്ചു സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 65 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നൽകാനാവുന്നത്. മൂന്നു വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്കൊപ്പം 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ഹോണ്ട മോഡലിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഹീറോ സ്‌പ്ലെൻഡർ പ്ലസ് : ഏകദേശം 30 വർഷത്തോളമായി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബൈക്കാണിത്. മറ്റ് മോട്ടോർസൈക്കിളുകളിൽ നിന്നും സ്‌കൂട്ടറുകളിൽ നിന്നുമുള്ള കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും സ്‌പ്ലെൻഡർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായി തുടരുന്നത് പലരും അമ്പരപ്പോടെയാണ് നോക്കികാണുന്നത്. സ്‌പ്ലെൻഡർ സീരീസിന് നിരവധി മോഡലുകളുണ്ട്. അവയിൽ ഏറ്റവും ജനപ്രിയമായത് സ്‌പ്ലെൻഡർ പ്ലസാണ്. 7.91 bhp കരുത്തിൽ 8.05 Nm torque നൽകുന്ന 97.2 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ സ്‌പ്ലെൻഡർ പ്ലസിന്റെ ഹൃദയം. ഇത് ഏകദേശം 80 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 75,141 രൂപ മുതൽ 77,986 രൂപ വരെയാണ് ഈ കമ്മ്യൂട്ടർ കിംഗിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
ഹീറോ HF ഡീലക്സ് : കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ രാജാക്കൻമാരായ ഹീറോയിൽ നിന്നുള്ള ഈ മോഡലും കംഫർട്ടിന്റെയും മൈലേജിന്റെയും കാര്യത്തിൽ ഏറെ മുന്നിലാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിലും ജനപ്രിയമാണ്. നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 97.2 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് HF ഡീലക്സിനുള്ളത്. 7.91 bhp പവറിൽ 8.05 Nm torque വരെ വികസിപ്പിക്കാൻ ബൈക്കിനാവും. ഒമ്പത് ശതമാനം ഇന്ധനം ലാഭിക്കുമെന്ന് അവകാശപ്പെടുന്ന i3S സാങ്കേതികവിദ്യ ഇതിന് ലഭിക്കുന്നുണ്ട്. നാല് സ്പീഡാണ് ഗിയർബോക്‌സ്. ഇതിന്റെ വിലയാവട്ടെ വെറും 59,998 രൂപ മുതൽ 68,768 രൂപ വരെ മാത്രമാണ് വരുന്നത്. ഒരു ലിറ്റർ പെട്രോളടിച്ചാൽ ഏകദേശം 70 കിലോമീറ്റർ വരെ മൈലേജും ഹീറോ HF ഡീലക്സ് നൽകും. കൂടെ മികച്ച കംഫർട്ട് റൈഡിംഗും ഇതിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.