ഡൽഹി: രാജ്യത്തെ വനവാസി വിഭാഗത്തെ കൈപിടിച്ചുയർത്തി മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനം. ഇതിനായി പ്രധാനമന്ത്രി ജനജാതിയ ഉന്നത്ത് ഗ്രാമ അഭിയാൻ പദ്ധതി ആരംഭിക്കും. സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായാണ് വനവാസി വിഭാഗത്തിന് വേണ്ടി മാത്രം പദ്ധതി ആരംഭിക്കുന്നതെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്തെ 63,000 ഗ്രാമങ്ങളിലെ 5 കോടി വനവാസികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ഇന്ത്യയുടെ ഗ്രാമീണമേഖലയുടെ വികസനത്തിനായി 2.66 ലക്ഷം കോടി രൂപയുടെ പദ്ധതികളും കാർഷിക മേഖലയ്‌ക്ക് 1.52 ലക്ഷം കോടി രൂപയും ബജറ്റിൽ അനുവദിച്ചു. കർഷകർക്കുള്ള ധനസഹായം 6000 കോടിയായി തന്നെ തുടരും. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ നാലാം ഘട്ടം ആരംഭിക്കും. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന റോഡുകളാണ് 25000 ഗ്രാമീണ മേഖലയിൽ നിർമ്മിക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.