പ്രമാടം : മാലിന്യ നിക്ഷേപകേന്ദ്രമായിരുന്ന പാറക്കടവ് പാലവും പരിസരവും ശുചീകരിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് ക്യാമറ സ്ഥാപിച്ചു. മുമ്പ് പാലത്തിന്റെ മറുവശത്തെ അഴൂർ ഭാഗം നഗരസഭ ശുചീകരിച്ച് മാലിന്യം തളളുന്നവരെ പിടികൂടാൻ ജാഗ്രതാസമിതികൾ രൂപീകരിച്ചിരുന്നു. പാറക്കടവ് പാലം മുതൽ മറൂർ ആൽത്തറ ജംഗ്ഷനിലേക്കുള്ള പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഇപ്പോൾ പൂർണമായും വൃത്തിയാക്കിയത്. വലിയ പുല്ലുകൾ റോഡ് സൈഡിൽ വളർന്ന് നിൽക്കുന്നതിന് പുറമെ പാഴ്മരങ്ങളും വള്ളിപ്പടർപ്പുകളും റോഡിലേക്ക് വളർന്ന് കാഴ്ചമറയ്ക്കുന്ന നിലയിലായിരുന്നു.
ആഴ്ചകൾക്ക് മുമ്പ് രാത്രിയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി ഇറച്ചിക്കട വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സാമൂഹ്യവിരുദ്ധർ ഇവിടെ തള്ളിയിരുന്നു. ഇത് തെരുവുനായ്ക്കൾ വലിച്ചിഴച്ച് അച്ചൻകോവിലാറ്റിൽ കൊണ്ടിട്ടു. ദുർഗന്ധം വമിച്ചതോടെ റോഡിലെയും നദിയിലെയും മാലിന്യം നിറച്ച കവറുകൾ നാട്ടുകാരാണ് നീക്കം ചെയ്തത്. മാലിന്യം നിക്ഷേപിക്കാൻ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.