റാന്നി: റാന്നിക്ക് ലഭിച്ച മൊബൈൽ വെറ്റിനറി പോളി ക്ലിനിക് പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റാന്നിക്ക് വെറ്റിനറി യൂണിറ്റ് ലഭ്യമാക്കിയത്. സംസ്ഥാനത്തൊട്ടാകെ 37 കേന്ദ്രങ്ങളിൽ അനുവദിച്ച യൂണിറ്റുകളിൽ ഒന്നാണ് റാന്നിക്ക് ലഭിച്ചത്. മൊബൈൽ ക്ലിനിക്ക് വരുന്നതോടെ ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് ഉണ്ടാകാൻ പോകുന്നത്. കർഷകർക്ക് യാതൊരു അധിക ചിലവും ഉണ്ടാകാത്ത വിധത്തിലാണ് ഏകീകൃത സേവനം എന്ന നിരക്കിൽ ചികിത്സയും മരുന്നും ഉൾപ്പെടെയാണ് അവരുടെ വീടുകളിൽ എത്തി ലഭ്യമാക്കുന്നത്.
ആശുപത്രികളിൽ എത്തിക്കാൻ കഴിയാത്ത വിധത്തിൽ രോഗാവസ്ഥയിലായ മൃഗങ്ങളെ ചികിത്സിക്കാൻ ഇത് പ്രയോജനപ്പെടും. ഇതോടെ റാന്നിയിലെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് ഉണ്ടാകാൻ പോകുന്നത്. നേരത്തെ മൃഗങ്ങൾക്ക് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ വാഹനങ്ങൾ പിടിച്ച് മൃഗാശുപത്രിയിൽ എത്തിക്കണമായിരുന്നു. ഈ ബുദ്ധിമുട്ടാണ് ഇതുവഴി ഒഴിവാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി അധ്യക്ഷത വഹിച്ചു. റാന്നി പഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് പി എസ് സുജ, അംഗങ്ങളായ എം.എസ് സുജ, നയനാ സാബു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ജെ ഹരികുമാർ, വെറ്റിനറി സർജൻ ആൽ ഫൈൻ ജോസഫ്, ഡോ ബീന എലിസബത്ത്ജോൺ, ഡോ എ പി സുനിൽകുമാർ, ഡോ. ആർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.