റാന്നി: പ്രവേശനോത്സവത്തെ പുസ്തകോത്സവമാക്കി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. കുട്ടികള്‍ അക്ഷരമുറ്റത്ത് നിന്നും പഠനയാത്ര ആരംഭിക്കുന്ന പ്രവേശനോത്സവ ദിനത്തിലാണ് എംഎല്‍എ സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ എന്ന അമൂല്യ സമ്മാനങ്ങളുമായി എത്തിയത്. റാന്നി മണ്ഡലത്തില്‍ ആണ് ഈ വിത്യസ്ത പരിപാടി നടന്നത്. കേരളത്തിലെ ആദ്യമായി കുട്ടികളുടെ വായനയെ വികസിപ്പിക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ലാസ് റൂം ലൈബ്രറികള്‍ എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് പുസ്തകങ്ങള്‍ സമ്മാനങ്ങളാക്കി എംഎല്‍എ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചത്. റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൈമാറി കൊണ്ട് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ശ്രീ.ജിജി തോംസണ്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനയില്‍ ഫലപ്രദമായി എല്ലാ സ്‌കൂളുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ആശയം റാന്നി നൊലെഡ്ജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ഒരു സ്‌കൂളില്‍ ക്ലാസ് റൂം ലൈബ്രറികള്‍ക്കായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ച് വാങ്ങി നല്‍കുന്നത്. വിവിധ പുസ്തകോത്സവങ്ങളില്‍ നിന്നും എംഎല്‍എ തന്നെ നേരിട്ട് തെരഞ്ഞെടുത്ത പുസ്തകങ്ങളും സ്വന്തം പുസ്തക ശേഖരത്തിനുള്ള പുസ്തകങ്ങളും പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നു. സ്‌കൂളില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിക്കുകയല്ല ഓരോ കുട്ടിയില്‍ നിന്നും പുസ്തകങ്ങള്‍ കൈമാറി കൈമാറി എല്ലാ കുട്ടികള്‍ക്കും വായനയുടെ മധുരം എത്തിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി കുട്ടികളുടെ വായനയെ നിത്യശീലമാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് എംഎല്‍എ പറഞ്ഞു.