ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷന്റെ കേസ് വിധി പറയാന്‍ മറ്റൊരു ബെഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ച് സുപ്രീംകോടതി. മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്‌തംബര്‍ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
തനിക്ക് സമയമില്ലെന്നും താന്‍ കേസില്‍ നിന്നും ഒഴിയുകയാണെന്നും കേസ് പരിഗണിച്ച ഉടന്‍ ജസ്‌റ്റിസ് അരുണ്‍മിശ്ര വ്യക്തമാക്കി. നാലഞ്ച് മണിക്കൂര്‍ സമയമെങ്കിലും ഈ കേസിന്റെ വാദം കേള്‍ക്കാന്‍ ആവശ്യമുണ്ട്. ശിക്ഷയെന്തെന്നതല്ല ഇവിടെ വിഷയം. ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആശ്വാസത്തിനുവേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്.
കേസില്‍ മാപ്പ് പറയാന്‍ ഇന്നലെ വരെ പ്രശാന്ത് ഭൂഷണ് സമയം നല്‍കിയിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനെ തുടര്‍ന്നാണ് ഇന്ന് വിധിപറയാന്‍ മാറ്റിവെച്ച കേസ് സെപ്‌തംബര്‍ പത്തിലേക്ക് മാറ്റിയത്. ഉത്തമബോദ്ധ്യത്തോടെ താന്‍ നടത്തിയ പ്രസ്താവനയില്‍ ആത്മാര്‍ഥതയില്ലാതെ മാപ്പുപറഞ്ഞാല്‍ അത് കാപട്യവും ആത്മവഞ്ചനയുമാകുമെന്നാണ് ഭൂഷണ്‍ സുപ്രീംകോടതിയെ അറിയിച്ചത്.