തിരുവനന്തപുരം: അനന്തപുരി എഫ് എം ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രസാര്‍ ഭാരതി. മികച്ച നിലവാരം പുലര്‍ത്തിയിരുന്ന എഫ്എമ്മിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിര വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും ഫലം കണ്ടില്ല. കേരളത്തിന്റെ വിവിധ ജില്ലകളിലായി 40 ലക്ഷത്തിലധികം ശ്രോതാക്കള്‍ ഉണ്ടായിരുന്ന എഫ് എം നിര്‍ത്തലാക്കുന്നത് എന്തിനാണെന്ന കാര്യത്തില്‍ പ്രസാര്‍ഭാരതിയും വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എഫ്എമ്മിന്റെ പേര് മാറ്റിയത് വിവാദമായിരുന്നു. വിവിധ് ഭാരതി മലയാളം എന്ന് എഫ്എമ്മിന്റെ പേര് മാറ്റുകയും മലയാളം പ്രക്ഷേപണം കുറച്ച് ഹിന്ദി ഭാഷയിലുള്ള പരിപാടികള്‍ കുത്തിനിറച്ചതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു
പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു നീക്കം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥര്‍പോലും ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. 2005ല്‍ കേരളപ്പിറവി ദിനത്തിലാണ് എഫ് എം പ്രവര്‍ത്തനം തുടങ്ങിയത്. ഇന്നു മുതല്‍ ആകാശവാണിയുടെ പ്രധാന നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം മാത്രമേ ഉണ്ടാകൂ. എഫ്.എമ്മിലെ ചില പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുത്തും. കുറച്ചു നാളായി കേരളത്തിലെ ആദ്യത്തെ ഈ എഫ്.എം ചാനല്‍ നിറുത്തലാക്കാന്‍ പ്രസാര്‍ഭാരതി തലപ്പത്തുള്ള ചിലര്‍ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ടായിരുന്നു.