ഓമല്ലൂര്‍ : കോവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും മുമ്പേ ആവശ്യത്തിന് സമയം ലഭിച്ചിട്ടും യുദ്ധകാല അടിസ്ഥാനത്തിൽ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാട്ടിയ അലംഭാവവും മെല്ലപ്പോക്കും പ്രവാസികളുടെ കോവിഡ് മൂലമുള്ള മരണ സംഖ്യ വർദ്ധിപ്പിക്കുകയും ദുരിതത്തിലാക്കുകയും ചെയ്തതായി കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ഓമല്ലൂർ റോസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവാസി രക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതര രോഗബാധിതരും ഗർഭിണികളുമടക്കം മടക്കയാത്രക്കായി വിദേശങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും നോർക്കയിലും പേര് രജിസ്റ്റർ ചെയ്ത് ആഴ്ചകളായി ഇപ്പോഴും കാത്തിരിക്കുന്നവർ പതിനായിരങ്ങളാണെന്നും ഇവരെ എത്രയും വേഗം തിരികെ എത്തിച്ച് അവരുടെ ജീവന്‍ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ ഉണ്ടാകണം. വിദേശത്ത് കോവിഡ് മൂലവും അല്ലാതെയും മരിച്ചവരുടെ കുടുംബങ്ങൾക്കും ജോലി നഷ്ടപ്പെട്ടവർക്കും അടിയന്തിര സാമ്പത്തിക സഹായവും പുന:രധിവാസ പാക്കേജും പ്രഖ്യാപിക്കുവാന്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ തയ്യാറാകണമെന്നും സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
പ്രവാസി കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം ലിജോ ബേബി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ, ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ, ജില്ലാ ഭാരവാഹികളായ അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. വർഗീസ്, റോയി മുള്ളനിക്കാട്, ഷിജോ വാഴമുട്ടം, വിജയ് ഇന്ദുചൂഡൻ, പ്രദീപ് ഓമല്ലൂർ, ബിനു മോളേത്ത്, ജിത്ത് ജോൺ എന്നിവർ പ്രസംഗിച്ചു.