അടൂര്‍ : രേഖകളും അംഗീകാരവും നഷ്ടമായി. വിദേശരാജ്യത്ത് കുടുങ്ങിപ്പോയ അടൂര്‍ മേലൂട് സ്വദേശി ഗോപിനാഥന്‍പിളള (68) ന് കുവൈറ്റ് സര്‍ക്കാര്‍ ഡി-പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് ഭാരത സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിച്ചെങ്കിലും ഉറ്റവരുടെ അവഗണനയെതുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഗതിമന്ദിരത്തില്‍ അഭയം തേടേണ്ടിവന്നു.
കുവൈറ്റിലെ സദാത്തില്‍ നാല്‍പ്പത് വര്‍ഷമായി ഡ്രൈവര്‍ ജോലിചെയ്തിരുന്ന ആളാണ് ഗോപിനാഥന്‍പിളള.
നാട്ടില്‍ ഭാര്യയും രണ്ടുമക്കളും ഉണ്ട്. 8 വര്‍ഷം മുമ്പാണ് നാട്ടില്‍ അവസാനമായി വന്ന് പോയത്. ഹെര്‍ണിയയ്ക്കും മറ്റുമായി രണ്ടുതവണ സര്‍ജ്ജറിക്ക് വിധേയമായിരുന്നു. ചികിത്സകഴിഞ്ഞ് വിദേശത്ത് എത്തിയ ഇദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതോടെ ഉണ്ടായിരുന്ന സ്വകാര്യ ജോലി നഷ്ടമായി.
തുടര്‍ന്ന് താല്ക്കാലിക ജോലിയില്‍ പ്രവേശിച്ചെങ്കിലും വാഹനാപകടം ഉണ്ടാവുകയും ലൈസന്‍സ് റദ്ദ്‌ചെയ്യപ്പെടുകയും ഉണ്ടായി.
ഇലക്ട്രിസിറ്റി വിഭാഗത്തിനും വാഹന ഉടമയ്ക്കും പിഴ അടയ്‌ക്കേണ്ടി വന്നതോടെ ഇദ്ദേഹം പ്രതിസന്ധിയിലായി. സാഹചര്യവശാല്‍ വീട്ടിലേക്ക് പണമയയ്ക്കാതായതോടെ ബന്ധം വഷളാവുകയും ഭാര്യയും മക്കളും ഫോണ്‍ വിളിപോലുമില്ലാതായതായും ഇദ്ദേഹം പറയുന്നു. വിസ കാലാവധി കഴിഞ്ഞ് പുതുക്കുവാന്‍ സാമ്പത്തികമില്ലാതെ കുടുങ്ങി. നാട്ടിലേക്ക് മടങ്ങാനായില്ല. പലരുടേയും സഹായത്തോടെ ആഹാരവും താമസവും എന്ന അവസ്ഥയില്‍ ഏറെ നാള്‍ ഒളിവില്‍ കഴിഞ്ഞു.
തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലും ജയിലിലുമായ ഇദ്ദേഹത്തെ കുവൈറ്റ് സര്‍ക്കാര്‍ ഡി-പോര്‍ട്ട് ചെയ്തതോടെയാണ് വന്ദേ ഭാരത് മിഷന്റെ സഹായത്തില്‍ നാട്ടിലെത്താനായത്. നാട്ടിലെത്തിയ തനിക്ക് നേരിടേണ്ടിവന്നത് ഏറെ വേദനാജനകമായ അവസ്ഥയാണെന്നും വളര്‍ത്തി വലുതാക്കിയ മക്കളും ഭാര്യയും ചേര്‍ന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ഞാന്‍ ജോലിചെയ്ത് നിര്‍മ്മിച്ച വീട്ടില്‍ എന്നെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തത് ഏറെ വേദനാജനകമായെന്നും ഇയാള്‍ പറയുന്നു. താന്‍ ജീവിച്ചത് തന്നെ അവര്‍ക്ക് വേണ്ടിയായിരുന്നുവെന്നും ഇപ്പോള്‍ അവര്‍ക്ക് തന്നെ വേണ്ടാതായെന്നും ഗോപിനാഥപിളള പറയുന്നു.
പ്രശ്‌നപരിഹാരത്തിനെത്തിയ അടൂര്‍ പോലീസ് ഗോപിനാഥപിളളയുടെ അവസ്ഥ പരിഗണിച്ച് താത്കാലിക സംരക്ഷണത്തിനായി മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിക്കുകയായിരുന്നുവെന്നും മക്കളും ഭാര്യയും മനസ്സുമാറി വന്ന് തന്നെ സ്വീകരിക്കുമെന്നും സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ഗോപിനാഥപിള്ള കാത്തിരിക്കുന്നതായും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല പറഞ്ഞു.