തിരുവനന്തപുരം: വിദേശ മലയാളികള്‍ കൂട്ടമായി എത്തിയാല്‍ അവരെ ക്വാറന്റനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. കേന്ദ്രസര്‍ക്കാറിന്റെ അന്തിമതീരുമാനം ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രവാസികളുടെ പ്രശ്‌നം അറിയിക്കുന്നതിനായി നോര്‍ക്ക തയ്യാറാക്കിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വിവരങ്ങളനുസരിച്ച് ഒരുലക്ഷത്തിലധികം എത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. അതതു രാജ്യങ്ങളില്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ മാത്രമെ യാത്രക്ക് അനുമതി നല്‍കൂ.
വിമാനത്താവളങ്ങളില്‍ പരിശാധന നടത്തി കോവിഡ് കെയര്‍ ഹോമുകളിലെത്തിക്കുകയും ഫലം നെഗറ്റീവായാല്‍ വീടുകളില്‍ ക്വാറന്റൈന്‍ അനുവദിക്കാനാണ് തീരുമാനം. കോവിഡ് സമൂഹ വ്യാപനം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും മറ്റും സര്‍ക്കാര്‍ 2 ലക്ഷത്തിലേറെ മുറികളാണ് സജ്ജമാക്കുന്നത്. കേന്ദ്ര തീരുമാനം ആയാല്‍ പ്രവാസികളെ രോഗികള്‍, സ്ത്രീകള്‍, വയോധികര്‍, കുട്ടികള്‍, എന്നിങ്ങനെ വിവിധ മുന്‍ഗണന ക്രമത്തില്‍ ഘട്ടങ്ങളായിട്ടാകും നാട്ടിലെത്തിക്കുക.
മൂന്നു തരം ക്വാറന്റൈനാണ് പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്നത്. അതില്‍ ഒന്ന് ബന്ധുക്കള്‍ക്കാര്‍ക്കും തന്നെ രോഗം പകരില്ല എന്ന് ഉറപ്പുവരുത്തി ആദ്യ 14 ദിവസം സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കി ഒറ്റക്ക് വീട്ടില്‍ കഴിയാന്‍ സൗകര്യങ്ങളുള്ളവര്‍ക്ക് അങ്ങനെ കഴിയാം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടു സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പു വരുത്തും. മറ്റൊന്ന് വിമാനത്താവളത്തിനു സമീപം ആരോഗ്യ വകുപ്പ് കണ്ടെത്തി നല്‍കുന്ന ഹോട്ടലില്‍ സ്വന്തം ചെലവിന് കഴിയുക. അടുത്തതായി സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണവും മരുന്നും താമസവും ലഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളില്‍ കഴിയുക.