റാഞ്ചി : ജാര്‍ഖണ്ഡിലെ പുതിയ നിയമസഭാമന്ദിരത്തില്‍ മുസ്ലിം അംഗങ്ങള്‍ക്ക് നമസ്‌കരിക്കാനുള്ള മുറി ഒരുക്കിയതില്‍ വിവാദം. നമസ്‌കരിക്കാനുള്ള മുറി ഒരുക്കുമ്പോള്‍ നിയമസഭാ മന്ദിര വളപ്പില്‍ ക്ഷേത്രം നിര്‍മിക്കണമെന്നും ഹനുമാന്‍ ചാലിസക്കായി കുറഞ്ഞത് അഞ്ച് മുറികള്‍ ലഭ്യമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ രണ്ടിനാണ് ജാര്‍ഖണ്ഡ് നിയമസഭാ അസംബ്ലി സെക്രട്ടറിയേറ്റില്‍ ടി ഡബ്ല്യു 348 മുറി നമസ്‌കാരത്തിനായി അനുവദിച്ച് ഉത്തരവിറക്കിയത്.
നടപടിയെ ബി.ജെ.പി നേതാവ് ലാല്‍ മറാണ്ടി എതിര്‍ത്തു. മുസ്ലീങ്ങള്‍ക്ക് നമസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഹനുമാന്‍ ചാലിസക്കായി അഞ്ച് മുറികളോ ഒരു ഹാളോ വിട്ടുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനുള്ള മന്ദിരം ജനാധിപത്യത്തിന് മാത്രമാകണം. നമസ്‌കാരത്തിന് മുറി വിട്ടുനല്‍കിയ തീരുമാനം തെറ്റാണ്. ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നമസ്‌കാരത്തിന് മുറി അനുവദിച്ചെങ്കില്‍ ഹനുമാന്‍ ചാലിസക്ക് എന്തുകൊണ്ട് മുറി അനുവദിച്ചുകൂടാ. ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാനായി അഞ്ച് മുറികള്‍ അനുവദിക്കണമെന്ന് അസംബ്ലി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ മന്ദിര വളപ്പില്‍ ക്ഷേത്രം നിര്‍മിക്കുകയും വേണം. സ്പീക്കര്‍ അനുമതി നല്‍കിയാല്‍ സ്വന്തം ചെലവില്‍ ക്ഷേത്രം നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.