ചെങ്ങന്നൂർ : മഴക്കാലത്തിനു മുന്നോടിയായിട്ടുള്ള ശുചീകരണം തുടങ്ങിയില്ല. ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തുകൂടിയൊഴുകുന്ന വെട്ടുതോട്, ഇല്ലിമല- മൂഴിക്കൽത്തോട് എന്നിവയുടെ അവസ്ഥ പരിതാപകരമാണ്. വേനൽമഴ പെയ്തിട്ടും നീരൊഴുക്കില്ല. ഈ തോടുകൾ വലിയ ആരോഗ്യ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ജലാശയങ്ങളിലെ നീരൊഴുക്കിനെ ബാധിക്കുന്ന തടസ്സങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനം മഴക്കാലത്തിനുമുൻപ് തീർക്കണമെന്നായിരുന്നു സർക്കാർ നിർദേശം. മാലിന്യം നീക്കി ജലസ്രോതസ്സുകളിലെ നീരൊഴുക്ക് സുഗമമാക്കുക, ഓടകൾ വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. അതേസമയം പഞ്ചായത്തുകളിൽ കാര്യമായ പ്രവൃത്തികളൊന്നും നടന്നില്ല. ചില പഞ്ചായത്തുകളിൽ പഞ്ചായത്തുതല യോഗംകൂടി. വാർഡുതല യോഗങ്ങൾ ഉടൻ ചേരുമെന്നാണ് അധികൃതർ പറയുന്നത്.
വാർഡുകളിലെ മഴക്കാലപൂർവ ശുചീകരണത്തിന് ജനപ്രതിനിധികൾ പണം സ്വയംകണ്ടെത്തേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. നഗരസഭയ്ക്കും പഞ്ചായത്തുകൾക്കും വാർഡൊന്നിന് 30,000 രൂപയാണ് അനുവദിക്കുന്നത്. ഇതിൽ ശുചിത്വമിഷൻ, എൻഎച്ച്എം വിഹിതം 10,000 രൂപ വീതമാണ്. തനതുഫണ്ട് പതിനായിരവും. അതേസമയം ശുചിത്വമിഷൻ വിഹിതം താമസിക്കുമെന്നതിനാൽ ഇപ്പോൾ തുക തനതുഫണ്ടിൽനിന്നു ചെലവഴിക്കാനാണ് നിർദേശം. ശുചിത്വമിഷൻ വിഹിതം ലഭ്യമാകുന്ന മുറയ്ക്ക് തിരികെ വകയിരുത്താമെന്നാണ് നിർദേശം. ഇക്കാരണത്താൽ വാർഡുകളിൽ പേരിനുമാത്രമാണ് ശുചീകരണം നടക്കുന്നത്.