തിരുവനന്തപുരം: മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്.
മൂന്നാം തരംഗം മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആശുപത്രികളില്‍ ഐസിയു, ഓക്‌സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് കോവിഡ് കണ്‍ട്രോള്‍ റൂം ചെയ്തു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് 2020 ജനുവരി 30നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിനുമുമ്പേ ജനുവരി 24ന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. അന്ന് മുതല്‍ ഇന്നുവരെ ഒന്നേ മുക്കാല്‍ കൊല്ലമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കണ്‍ട്രോള്‍ റൂം ചെയ്യുന്നത്. ഇതേ മാതൃകയില്‍ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് പ്രതിരോധത്തിന് ആത്മാര്‍ത്ഥ സേവനം നടത്തുന്ന സംസ്ഥാന, ജില്ലാതല കണ്‍ട്രോള്‍ റൂമിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് ഒരു ഇടവേളയുമില്ലാതെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓരോ ദിവസവും പ്രത്യേക അവലോകന യോഗം കൂടിയാണ് കോവിഡിനെതിരായ പുതിയ തന്ത്രങ്ങളും പ്രതിരോധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നത്.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനവും കണ്‍ട്രോള്‍ റൂമിലാണ് നടക്കുന്നത്.