പുതുക്കോട്ട: ഗര്‍ഭിണിയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നാഗേശ്വരി (22) ആണ് മരിച്ചത്. തമിഴ്‌നാട് പുതുക്കോട്ടയിലാണ് സംഭവം. നാഗേശ്വരി 7 മാസം ഗര്‍ഭിണിയായിരുന്നു. സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃപിതാവിന്റെയും മാതാവിന്റെയും നിരന്തരമായ പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്കു കാരണമാണെന്നാണ് ആരോപണം. ഇത് തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് യുവതിയുടെ ബന്ധുക്കള്‍ കുഴിച്ചിട്ടു.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അരവിന്ദിനെയും ഭര്‍തൃമാതാവ് തങ്കമണിയെയും പോലീസ് അറസ്റ്റ് ചെയ്തു. തങ്കമണി വിജയ ദമ്പതികളുടെ മകന്‍ അരവിന്ദ് (25) ഉം സവേരിയാര്‍ പട്ടിണം സ്വദേശി കുമാരന്റെ മകള്‍ നാഗേശ്വരിയും (22) കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ഭര്‍തൃവീട്ടില്‍ നാഗേശ്വരിക്ക് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. ഗര്‍ഭിണിയായതിന് പിന്നാലെയാണ് ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിനായി നാഗേശ്വരിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. സ്ത്രീധന പീഡനത്തെക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാന്‍ നാഗേശ്വരിക്ക് സാധിച്ചില്ല. ഇത് നാഗേശ്വരിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാഴ്ത്തി. ഇതേ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്.