കോന്നി : മൺപിലാവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടാന ചരിയാൻ ഇടയായ സാഹചര്യം വായിലെ മുറിവിൽ ഉണ്ടായ അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന് ശേഷം സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിൽ പരിശോധനക്ക് അയച്ചു. ഇതിന്റെ ഫലം പറത്തുവന്നെങ്കിൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിൽ പെട്ട മൺപിലാവിൽ മരങ്ങാട്ട് വീട്ടിൽ ബാലകൃഷ്ണൻ നായരുടെ പുരയിടത്തിൽ ആണ് കാട്ടാനയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് രാത്രി എട്ടരയോടെ ആന ചരിയുകയും ചെയ്തിരുന്നു. ഞായറാഴ്ച ഉച്ച മുതൽ ആനയെ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ കണ്ടിരുന്നുവെങ്കിലും വൈകുന്നേരം ബാലകൃഷ്ണൻ നായരുടെ പറമ്പിൽ നിലയുറപ്പിച്ച പിടിയാന ഏറെനേരത്തിന് ശേഷം തളർന്ന് വീഴുകയായിരുന്നു.
കുത്തനെ ഉള്ള സ്ഥലത്താണ് ആന തളർന്ന് വീണത്. കാലുകൾ ഇടക്കൊക്കെ അനക്കുന്നുണ്ടായിരുന്നു എങ്കിലും രാത്രി എട്ടരയോടെ ആന ചെരിയുകയായിരുന്നു. ഇതിനിടയിൽ ആനക്ക് ജാറുകളിൽ വെള്ളം എത്തിച്ച് നൽകുവാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കോന്നി ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ.ശ്യാം ചന്ദ്രൻ, തണ്ണിത്തോട് വെറ്റിനറി ഡോ.വിജി വിജയൻ, വെറ്റിനറി ഡോ.രാഹുൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷ്, തണ്ണിത്തോട് ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ് റെജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ലാബ് പരിശോധന ഫലം പുറത്ത് വന്നെങ്കിൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ എന്നും വനപാലകർ അറിയിച്ചു.