പത്തനംതിട്ട : ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ കുറവുണ്ടെന്ന് പ്രാഥമിക കണക്ക്. പ്രവേശന നടപടികൾ ആറാം പ്രവൃത്തിദിനം വരെ തുടരുമെന്നതിനാൽ അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. പത്തനംതിട്ട ജില്ലയിൽ ജനസംഖ്യാ നിരക്കിലെ കുറവും പ്രവാസികളുടെ എണ്ണത്തിലെ വർധനയും കാരണം എല്ലാ വർഷവും സ്കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്. 10,000 ൽ താഴെ കുട്ടികൾ മാത്രമാണ് ഇത്തവണ എസ്എസ്എൽസിക്കുണ്ടായിരുന്നത്. അൺഎയ്ഡഡ് സ്കൂളുകളുടെ വർധനയും പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവിനു പ്രധാന കാരണമാണ്.
മൂക്കന്നൂർ എൽപിഎസിൽ ഇക്കുറി കുട്ടിയും അധ്യാപകരും ഇല്ല. കഴിഞ്ഞവർഷം ഒരു കുട്ടിയും ഒരു അധ്യാപകനുമായാണ് സ്കൂൾ പ്രവർത്തിച്ചത്. വെണ്ണിക്കുളം ഉപജില്ലയിലാണ് മൂക്കന്നൂർ സ്കൂൾ. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ കുട്ടികൾ ആരും വന്നിരുന്നില്ല. എന്നാൽ ഇതേ സ്കൂളിൽ നാലാംക്ലാസിൽ പഠിച്ചിരുന്ന കുട്ടി തിരികെ വന്നതോടെ ഒരു കുട്ടിയുമായി സ്കൂൾ ഒരു വർഷം മുന്നോട്ടുപോയി. വിദ്യാഭ്യാസവകുപ്പ് നേരിട്ട് ഒരു താത്കാലിക അധ്യാപികയെ നിയമിച്ച് അധ്യയനം നടത്തി. താത്കാലിക അധ്യാപിക മധ്യവേനൽ അവധിക്ക് സ്കൂൾ അടച്ചതോടെ മടങ്ങി. പിന്നീട് അഡ്മിഷൻ എടുക്കാനും ആരും ഉണ്ടായില്ല. വ്യക്തിഗത മാനേജ്മെന്റിൽ പെട്ട വിദ്യാലയം വർഷങ്ങളായി കുട്ടികളുടെ കുറവിൽ മുന്നോട്ടു പോകുകയാണ്.