തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രവർത്തനത്തിൽ കേരളത്തിലെ സിപിഐയിൽ അതൃപ്‌തി പുകയുന്നു. സിപിഎമ്മിനോട് അടിമത്ത മനോഭാവമാണ് ബിനോയ് വിശ്വം കാണിക്കുന്നതാണെന്നു പല സീനിയർ നേതാക്കളും പരാതിപ്പെടുന്നത്. മുമ്പ് വെളിയം ഭാർഗ്ഗവനും, സി. കെ. ചന്ദ്രപ്പനും, പന്ന്യൻ രവീന്ദ്രനുമൊക്കെ സിപിഐ സെക്രട്ടറി ആയിരുന്നപ്പോൾ പാർട്ടി സിപിഎമ്മിനെ വരച്ച വരയിൽ നിർത്തിയിരുന്നു, എന്നാൽ ഇപ്പോൾ ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയൻ്റെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെയും, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്. കെ. മാണിയുടെയും മുമ്പിൽ നട്ടെല്ല് വളച്ചു ഓച്ഛാനിച്ചു നില്കുയന്ന ദുഖകരമായ കാഴ്ചയാണ് പാർട്ടി പ്രവർത്തകർ കാണുന്നത്. ഇങ്ങനെ മുന്നോട്ടു പോയാൽ ഭാവിയിൽ പാർട്ടി കാണില്ലെന്ന് വിമത നേതാക്കന്മാർ പറയുന്നു.
സിപിഐ ശക്തികേന്ദ്രങ്ങളായ കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകളെ കൂടാതെ പാലക്കാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാണ്. വിമതരിൽ മുൻമന്ത്രിമാരും, മുൻ എം.എൽ.എമാരും ഉൾപ്പെടയുള്ള പ്രമുഖ നേതാക്കന്മാരുണ്ട്. ഇതിൽ പല ജില്ലകളിലും നേതാക്കന്മാർ പല തട്ടുകളിലാണ്. ഒരു വിഭാഗം സിപിഐ നേതാക്കന്മാർ ആർ.എസ്.പിയിൽ ലയിക്കാൻ ചർച്ചയാരംഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുന്നത്തൂർ, ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ, മയ്യനാട്. ചടയമംഗലം, കടക്കൽ, അഞ്ചൽ, പുനലൂർ ഭാഗങ്ങളിലുള്ള നേതാക്കന്മാരും, പ്രവർത്തകരും ഇടത് പാർട്ടിയായ ആർ.എസ്.പിയിൽ ചേരാനാണ് ശ്രമിക്കുന്നത്.മറ്റൊരു വിഭാഗം ജി. ദേവരാജൻ നേതൃത്വം നൽകുന്ന ഫോർവേഡ് ബ്ളോക്കിൽ ചേരാൻ ശ്രമിക്കുന്നുണ്ട്.
ചാത്തന്നൂർ, പരവൂർ മേഖലകളിലുള്ള സിപിഐ നേതാക്കളാണ് ഫോർവേഡ് ബ്ലോക്കിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഒരു ന്യൂനപക്ഷ വിഭാഗം സിപിഐ നേതാക്കന്മാർ പി. ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ആർ.എസ്.പിയും, ഫോർവേഡ് ബ്ലോക്കും യു.ഡി.എഫിൻ്റെ ഭാഗമാണ്. എ .വി. താമരാക്ഷനും, അഡ്വ. രാജൻ ബാബുവും നേതൃത്വം നൽകുന്ന ജെ.എസ്.എസ്സും ആർ.എസ്.പിയിൽ ലയിക്കാൻ ഷിബു ബേബി ജോണുമായി ചർച്ച നടത്തി വരുന്നു.
തൃശൂരിൽ സിപിഐ വിമതരിൽ ചിലർ ആർ.എസ്.പിയിൽ ചേരാൻ ശ്രമിക്കുമ്പോൾ മറ്റൊരു വിഭാഗം കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലുള്ള ചിലർ കേരള കോൺഗ്രസുമായി അടുക്കുന്നുണ്ട്. കോൺഗ്രസ് ദുർബലമായ കൈപ്പമംഗലം, നാട്ടിക, മണലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ സിപിഐ വിമതരുടെ കോൺഗ്രസിലേക്കുള്ള ഒഴുക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ കണക്കുകൂട്ടുന്നു.
തിരുവനന്തപുരം ജില്ലയിലെ സിപിഐ വിമതർ ആർ.എസ്.പി, കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികളുമായി ചർച്ച നടത്തി വരുന്നു. മലപ്പുറം ജില്ലയിലെ വിമതർ മുസ്‌ലിം ലീഗിലേക്ക് നീങ്ങുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന അന്ന് തന്നെ മലപ്പുറം ജില്ലയിലെ പ്രമുഖ സിപി ഐ നേതാവ് പാർട്ടി വിട്ടു ലീഗിൽ ചേർന്നിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് വയനാട് ജില്ലകളിലും സിപിഐ വിമതർ ആർ.എസ്.പിയിലും, കോൺഗ്രസിലും, കേരള കോൺഗ്രസിലും ഫോർവേഡ് ബ്ളോക്കിലും ചേരാൻ തയ്യാറെടുത്തിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ അബ്ദുൽ ഷുക്കൂർ, എം. എസ്. പ്രകാശ് കുമാർ പോലെയുള്ള പ്രമുഖർ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇവർ മുഖേന മറ്റു സിപിഐ വിമതരും കോൺഗ്രസ് ജില്ലാ നേതൃത്വവുമായി ചർച്ച നടത്തി വരുന്നു.
പഞ്ചായത്ത് -മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിമതർക്ക് മാന്യമായ പരിഗണന കിട്ടിയാൽ ഇവർ കോൺഗ്രസിൽ ചേരും. ഈ പ്രതിസന്ധി സിപിഐയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്. ഇടതുമുന്നണിയിൽ സിപിഐ സിപിഎമ്മിനും, കേരള കോൺഗ്രസ് (എം) നും പിന്നിൽ മൂന്നാം സ്ഥാനത്തു ആയി പോകുമെന്ന് പലരും ഭയപ്പെടുന്നു. എന്തായാലും സമീപഭാവിയിൽ കേരളത്തിൽ ഉണ്ടാകുന്ന മുന്നണിമാറ്റങ്ങളെ രാഷ്ട്രീയകേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നു.