പത്തനംതിട്ട : ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കടവുകളിൽ ഇറിഗേഷൻ, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സംഘം പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്തൃട്ടാതി ജലോത്സവം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിപുലമായ രീതിയിൽ ഇത്തവണ വള്ളംകളിയും വള്ളസദ്യയും നടത്തും. നദിയിൽ ശേഷിക്കുന്ന മണൽപുറ്റുകൾ ഉടൻ നീക്കം ചെയ്യും. കോഴഞ്ചേരി പാലം പണി നടക്കുന്ന സ്ഥലത്ത് പള്ളിയോടങ്ങൾ സുഗമമായി കടന്നുപോകുന്നതിനുള്ള സൗകര്യമൊരുക്കും. താൽക്കാലിക തടയണകൾ ജലസേചന വകുപ്പ് നീക്കം ചെയ്യണം. അടുത്തഘട്ട അവലോകനയോഗം ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേരും. ആറന്മുള വള്ളംകളിക്കു ടൂറിസം വകുപ്പു മുഖേന പ്രചാരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം ഉത്സാഹത്തോടെയാണ് ജനങ്ങള്‍ വള്ളംകളിയെ കാണുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വന്‍ ജനപങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഏവരും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിപുലമായ രീതിയില്‍ ജലമേള നടത്തുവാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശുചിത്വമിഷന്‍ നിരീക്ഷിക്കണം. എല്ലാ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വാട്ടര്‍ സ്റ്റേഡിയത്തിലേയും അനുബന്ധ കടവുകളിലേയും മണ്‍പുറ്റുകള്‍ ജലസേചന വകുപ്പ് നീക്കം ചെയ്യും. ജലനിരപ്പ് ക്രമീകരിക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കും. ഗ്യാലറികളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം റസ്റ്റ്ഹൗസില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും.