റാന്നി : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് റാന്നിയിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. 26-നാണ് ശ്രീകൃഷ്ണജയന്തി. റാന്നിയിൽ അഞ്ചിടങ്ങളിൽനിന്നാണ് ശോഭയാത്രകൾ ആരംഭിക്കുന്നത്. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പേരുകളിലാണ് ശോഭയാത്രകൾ നടക്കുന്നത്. ഇവയെല്ലാം വൈകിട്ട് അഞ്ചിന് റാന്നി ഭഗവതികുന്ന് ക്ഷേത്രാങ്കണത്തിൽ സംഗമിക്കും. അവിടെനിന്ന് മഹാശോഭയാത്രയായി ടൗണിലൂടെ പെരുമ്പുഴയിലെ രാമപുരം ക്ഷേത്രത്തിലെത്തി സമാപിക്കും. തുടർന്ന് ഉറിയടി, ഭജന എന്നിവ ഉണ്ടായിരിക്കും.
ഇടക്കുളം, പുതുശ്ശേരിമല, കരണ്ടകത്തുംപാറ, പാണ്ഡ്യൻപാറ,പാലച്ചുവട്, ഉതിമൂട്,വലിയകലുങ്ക്, മന്ദിരം എന്നീ ബാലഗോകുലങ്ങൾ ചേർന്നുള്ളതാണ് ഗംഗ. ഇടപ്പാവൂർ, കീക്കൊഴൂർ, വിവേകാനന്ദപുരം, ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള ശോഭയാത്ര യമുന എന്നപേരിലും വരവൂർ, ചേലയ്ക്കാട്, പുല്ലൂപ്രം, പറക്കുളം, ശാലീശ്വരം, പുള്ളോലി എന്നിവ ചേർന്നുള്ളത് ഗോദാവരി എന്ന പേരിലുമാണ് ശോഭയാത്ര സംഘടിപ്പിക്കുന്നത്. മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ എന്നിവ ചേരുന്നതാണ് സരസ്വതി ശോഭയാത്ര. ആൽമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നിവിടങ്ങളിൽനിന്നുള്ള ശോഭയാത്ര നർമദ എന്ന പേരിലുമാണ് നടത്തുന്നത്.