മാന്നാർ : കുരട്ടിക്കാട് തേവരിക്കൽ ശ്രീമഹാദേവർക്ഷേത്രത്തിൽ നടക്കുന്ന ഒൻപതാമത് മഹാരുദ്രയജ്ഞത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കണ്ടിയൂർ മഹാദേവർക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന വിഗ്രഹഘോഷയാത്ര വിവിധക്ഷേത്രങ്ങൾ സന്ദർശിച്ച് കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തിൽ എത്തിച്ചേരും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കൊടിമരഘോഷയാത്രയോടൊപ്പം ക്ഷേത്രത്തിൽ എത്തിച്ചേരും. ഞായറാഴ്ച രാവിലെ 7.35-നും 7.55-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. യജ്ഞ സമാരംഭസഭയുടെ ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി തമ്പുരാട്ടി നിർവഹിക്കും.
താന്ത്രിക കർമങ്ങൾക്കായി പ്രത്യേകമായി തയ്യാറാക്കുന്ന യജ്ഞശാലയുടെ നിർമാണം പൂർത്തിയായി. വൃത്താകൃതിയിൽ നാലു മുഖപ്പോടുകൂടിയാണ് യജ്ഞമണ്ഡപത്തിന്റെ നിർമിതി. 24.1 അടി വൃത്തത്തിലും 21.5 അടി ഉയരത്തിലുമാണ് യജ്ഞമണ്ഡപത്തിന്റെ നിർമാണം. തുടർച്ചയായി 8 തവണ മഹാരുദ്രയജ്ഞം നടന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തേവരിക്കൽ ക്ഷേത്രം. മദ്ധ്യ തിരുവിതാംകൂറിൽ ആദ്യമായി അതിരുദ്രയജ്ഞം നടക്കാൻ പോകുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പതിനൊന്ന് മഹാരുദ്രങ്ങൾ പൂർത്തിയാക്കി 2027-ലാണ് അതിരുദ്രത്തിനു വേദിയാകുക.