റാന്നി: മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്രയെ വരവേൽക്കാൻ വീഥികളിൽ ഒരുക്കം തുടങ്ങി. കാടും പടലും നീക്കി സുരക്ഷിത യാത്ര ഒരുക്കുന്നതിനുള്ള പണികളാണ് പരമ്പരാഗത തിരുവാഭരണ പാതയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. 12ന് ഉച്ചയ്ക്കാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നാരംഭിക്കുന്നത്. അന്നു വൈകിട്ട് ചെറുകോൽ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെത്തുന്നതോടെ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിലേക്കു കടക്കും. തുടർന്നുള്ള യാത്ര ചെറുകോൽ, അയിരൂർ, റാന്നി, വടശേരിക്കര, പെരുനാട് എന്നീ പഞ്ചായത്തുക ളിലൂടെയാണ്. ചെറുകോൽ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ നിന്ന് വാഴക്കുന്നം നീർപ്പാലത്തിലൂടെയാണ് ഘോഷയാത്ര അയിരൂർ കുരുടാമണ്ണിൽ പടിയിലെത്തുന്നത്. അവിടെ നിന്നാണ് പുതിയകാവ് ക്ഷേത്രത്തിലേക്കു സ്വീകരിക്കുന്നത്. അന്ന് പുതിയകാവിലാണു വിശ്രമം. 13ന് പുലർച്ചെ അവിടെ നിന്നു പുറപ്പെടും.
റാന്നി-ചെറുകോൽപുഴ പാതയിലൂടെ മൂക്കന്നൂർ, ഇടപ്പാവൂർ വഴി പേരൂര്‍ച്ചാൽ ജംങ്ഷനിലെത്തും. തുടർന്ന് പേരൂര്‍ച്ചാൽ പാലംകടന്ന് പമ്പാനദി തീരത്തു കൂടി ആയിക്കിലെത്തും. പേരുച്ചാൽ പാലം മുതൽ ആയിക്കൽ വരെയുള്ള പാത ചെറുകോൽ പഞ്ചായത്തിന്റെ ചുമതലയിൽ കാടു തെളിച്ചു വൃത്തിയാക്കി. അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ വേലി കെട്ടുന്ന പണികളാണ് ഇനി ബാക്കി.
ആയിക്കൽ നിന്ന് കോഴഞ്ചേരി- റാന്നി പാതയിലൂടെ റാന്നി ബ്ലോക്ക് ഓഫീസ് പടിയിലെത്തും. തുടർന്ന് കുത്തുകല്ലുങ്കൽപടി-മന്ദിരം പാതയിലൂടെയാണ് യാത്ര. ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയ പാതയാണിത്. വശങ്ങളിൽ കാടു മൂടിക്കിടക്കുകയായിരുന്നു. കാടു തെളിക്കുന്ന പണികള്‍ പൂർത്തിയായി. ഇടക്കുളം ഭാഗത്തും പാതയുടെ പുനരുദ്ധാരണം നടക്കുന്നുണ്ട്. പള്ളിക്കമുരുപ്പ്-പേങ്ങാട്ടുകടവ് വരെ വടശേരിക്കര പഞ്ചായത്തിലൂടെയാണ് ഘോഷയാത്ര കടന്നു പോകുന്നത്. കാടു തെളിച്ച് പാത വൃത്തിയാക്കുന്ന പണി ഇവിടെയും ആരംഭിച്ചിട്ടുണ്ട്. തുടർന്ന് മണ്ണാരക്കുളഞ്ഞി-ചാലക്കയം, പൂവത്തുംമുട്-മഠത്തുംമൂഴി കൊച്ചുപാലം എന്നീ പാതകളിലൂടെയാണ് ഘോഷയാത്ര കൂനംകര വരെ കടന്നു പോകുന്നത്. തുടർന്ന് ളാഹ എസ്‌റ്റേറ്റിലൂടെ പുതുക്കടയെത്തും. തുടർന്ന് എസ്‌റ്റേറ്റിലൂടെ തന്നെ ഇളയ തമ്പുരാട്ടിക്കാവ് വഴി ളാഹ വനം സത്രത്തിലെത്തും. തേവർവേലിൽ സ്‌കൂൾപടി-ളാഹ വരെ പെരുനാട് പഞ്ചായത്താണ് പരമ്പാരാഗത പാത നവീകരിക്കുന്നത്.