കോഴഞ്ചേരി : എൽ.ഡി.എഫ് പിന്തുണയിൽ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായ കേരളാ കോൺഗ്രസ് (ജോസഫ്) അംഗം റോയി ഫിലിപ്പും സി പി ഐ അംഗവും വൈസ് പ്രസിഡന്റുമായ മിനി സുരേഷും രാജിവെച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം സാലി ഫിലിപ്പ് കോൺഗ്രസിനൊപ്പം ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് രാജി. തുടക്കത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ ഭരണമുന്നണിയുടെ ഭാഗമായിരുന്ന റോയി ഫിലിപ്പും സാലി ഫിലിപ്പും മുന്നണിയിലെ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം കൈമാറുന്നതിൽ വിമുഖത കാണിച്ചതിനെ തുടർന്ന് എൽ.ഡി.എഫിനൊപ്പം ചേർന്ന് യു ഡി എഫ് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു.
തുടർന്ന് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ജിജി വർഗീസ് രാജി വെച്ചു. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നിർദേശിച്ച റോയി ഫിലിപ്പിനെത്തന്നെ കോൺഗ്രസും നിർദേശിച്ചു. എങ്കിലും ഇടത് മുന്നണിക്കൊപ്പം ചേർന്നാണ് കേരള കോൺഗ്രസ് അംഗങ്ങൾ പ്രവർത്തിച്ചിരുന്നത്. രണ്ട് വർഷം കഴിയുമ്പോൾ പ്രസിഡന്റ് പദം സാലി ഫിലിപ്പിന് കൈമാറണമെന്ന് എൽ ഡി എഫ് നേതൃത്വവുമായി ധാരണ ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇത് പാലിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് സാലി ഫിലിപ്പ് കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധി കോഴഞ്ചേരി പഞ്ചായത്ത് ഭരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോറം തികയാത്തതിനാൽ ഇവിടെ ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.