ന്യൂഡല്‍ഹി : ജനങ്ങളെ ഒറ്റ നൂലില്‍ കോര്‍ക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരുമയുടെ ആര്‍ജവമാണ് എല്ലാ വര്‍ഷവും രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വത്തിലെ ഏകത്വവും ഊര്‍ജ്വസ്വലതയും ലോകം മുഴുവനും അഭിനന്ദിക്കുന്നതാണ്. ഈ അവസരത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓര്‍ക്കാം എന്നും അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായതു വലിയ നേട്ടമാണ്. ജാഗ്രതയോടെ എല്ലാവരും ഇരിക്കണം. സാമൂഹിക അകലം കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. നമ്മള്‍ പരസ്പരം എത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാനായി. ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. ജീവന്‍ പണയപ്പെടുത്തി ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വന്നു. കോവിഡ് മൂലം ലോകം മുഴുവന്‍ ദുരിതത്തിലായി. മനുഷ്യനുമേല്‍ അസാധാരണമായ വെല്ലുവിളിയാണ് ഉയര്‍ന്നത്.
ലോകം മുഴുവനും നിസ്സഹായരായി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഒളിംപിക്‌സില്‍ അഭിമാനകരമായ നേട്ടം കൊയ്യാനായി. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇത് പ്രചോദനമാണ്. കഴിഞ്ഞ മാസം ധീരനായ സൈനികന്‍ ജനറല്‍ ബിപിന്‍ റാവത്തിനെയും ഭാര്യയെയും മറ്റു ധീര സൈനികരെയും നമുക്ക് നഷ്ടമായി. ജാഗരൂകരായി രാജ്യത്തിന് സംരക്ഷണം നല്‍കുന്ന ജവാന്മാര്‍ക്കും രാജ്യത്തിനുള്ളിലെ സമാധാനം കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.