ദില്ലി: പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റം രാജ്യത്ത് ജനജീവിതം ദുഃസഹമാക്കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന തരത്തിലാണ് അവശ്യവസ്തുക്കളുടെ വില കുതിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പച്ചക്കറിയുടെ വിലയില്‍ മൂന്നിരട്ടിയോളം വര്‍ധനയാണ് ഉണ്ടായത്. തക്കാളിയുടെ വിലയാണ് ഇതില്‍ സാധാരണക്കാരെ വലയ്ക്കുന്നത്. സാധാരണത്തേതിനേക്കാള്‍ അഞ്ചിരട്ടി വരെയാണ് തക്കാളിക്ക് വില കൂടിയിരിക്കുന്നത്. രാജ്യത്തുടനീളം തക്കാളിക്ക് കിലോയ്ക്ക് വില 60 രൂപ തൊട്ട് 100 രൂപയ്ക്ക് മുകളില്‍ ആയി.
മണ്‍സൂണ്‍ തുടങ്ങിയതിന് ശേഷമാണ് തക്കാളിക്കും മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കും വില കൂടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ 16% കുറവ് മഴയാണ് ലഭിച്ചത്. മണ്‍സൂണിന് മുന്‍പുണ്ടായിരുന്ന കനത്ത ചൂടും കീടങ്ങളുടെ ആക്രമണവും കൃഷിയെ ബാധിച്ചു. ഇതിന് ശേഷം ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്ത മഴയും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചു. ഇത്തരത്തില്‍ കാലാവസ്ഥയിലെ അസന്തുലിതാവസ്ഥ പണപ്പെരുപ്പത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ജൂണ് 26 ന് വിപണികളിലുടനീളം തക്കാളിയുടെ ശരാശരി വില ക്വിന്റലിന് 4,011 രൂപയായിരുന്നു. ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 66 ശതമാനം കൂടുതലാണ്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് തക്കാളിയുടെ വില ഉയരാന്‍ കാരണമായതെന്നാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങ് പറയുന്നത്.