നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് തങ്ങളുടെ ഗാലക്സി നിരയിലെ നാല് സ്മാർട്ട്ഫോണുകളുടെ വില കുറച്ചു. സാംസങ് ഗാലക്സി എം04, ഗാലക്സി എഫ്04, ഗാലക്സി എം13, ഗാലക്സി എഫ്13 എന്നീ സാംസങ് സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകും. ബജറ്റ് സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവർക്ക് സാംസങ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ പരിഗണിക്കാവുന്നതാണ്. എന്നാൽ വാങ്ങും മുമ്പ് ഈ ഫോണുകൾ തങ്ങളുടെ ഉപയോഗത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ് പ്രകാരം, വെറും 6,499 രൂപ മുതലുള്ള സ്മാർട്ട്ഫോണുകൾ സാംസങ്ങിൽ നിന്ന് ലഭ്യമാണ്.
ആമസോൺ, ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളിലെല്ലാം ഗാലക്സി എം04, ഗാലക്സി എഫ്04, ഗാലക്സി എം13, ഗാലക്സി എഫ്13 എന്നീ സ്മാർട്ട്ഫോണുകൾ പുതിയ വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ അവയുടെ പഴയ വില, പുതിയ വില എന്നീ വിവരങ്ങളെല്ലാം ഇവിടെ പരിചയപ്പെടാം. സാംസങ് ഗാലക്സി M04 : 4GB റാം 64GB സ്റ്റോറേജ് മോഡലിന് മുൻപ് ഉണ്ടായിരുന്ന വില 8,499 രൂപ. ഇപ്പോഴത്തെ വില 6,499 രൂപ. ഇതിന്റെ തന്നെ 4GB റാം 64GB സ്റ്റോറേജ് വേരിയന്റിന്റെ പഴയ വില 9,499 രൂപ. പുതിയ വില 7,499 രൂപ. സാംസങ് ഗാലക്സി F04: 4GB റാം 64GB സ്റ്റോറേജ് മോഡലിന് പഴയ വില 7,499 രൂപ. പുതിയ വില 6,499 രൂപ. സാംസങ് ഗാലക്സി F13 ആണ് വില കുറഞ്ഞ മറ്റൊരു മോഡൽ. ഇതിന്റെ 4GB റാം, 64GB സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് മുൻപ് നൽകേണ്ടിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ വില 9,199 രൂപയാണ്. സാംസങ് ഗാലക്സി എഫ്13 മോഡലിന്റെ 4ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് മുൻപ് 12,999 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ ഇത് 10,199 രൂപയ്ക്ക് കിട്ടും. സാംസങ് ഗാലക്സി എം13യുടെ 4ജിബി റാം 64ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 11,999 രൂപയായിരുന്നു വില. പുതിയ വില പ്രകാരം ഇത് 9,199 രൂപയ്ക്ക് കിട്ടും.
സാംസങ് ഗാലക്സി എം13യുടെ ഉയർന്ന വേരിയന്റ് 6ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ മോഡലിന്റെ പഴയ വില 12,999 രൂപ ആയിരുന്നു. എന്നാൽ പുതിയ വില പ്രകാരം ഈ വേരിയന്റ് 11,199 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകും. ഈ നാല് സ്മാർട്ട്ഫോണുകളിൽ എം13, എഫ് 13 എന്നീ ഫോണുകളുടെ ഫീച്ചറുകൾ ഏതാണ് ഒരുപോലെ തന്നെയാണ്. ചെറിയ ചില വ്യത്യാസങ്ങൾ മാത്രമാണുള്ളത്. അതേപോലെ എം04, എഫ് 04 എന്നീ ഫോണുകളുടെ ഫീച്ചറുകളും ഒരുപോലെ തന്നെയാണ്.