ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ തുടക്കം കുറിച്ചു. 75, 000 പേർക്കുള്ള നിയമന ഉത്തരവ് തൊഴില്‍മേളയില്‍ പ്രധാനമന്ത്രി കൈമാറി. കൊച്ചിയില്‍ നടന്ന പരിപാടിയിലാണ് മന്ത്രി ചടങ്ങ് ഓണ്‍ലൈനിലൂടെ സാക്ഷ്യം വഹിച്ചത്.
ഒന്നര വർഷത്തിനകം പത്ത് ലക്ഷം പേർക്ക് കേന്ദ്രസർക്കാരിനു കീഴിൽ ജോലി നല്‍കുമെന്നും 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനം നല്‍കുമെന്നും കഴിഞ്ഞ ജൂണിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വർഷത്തിനകം നിയമനം നൽകുക. പ്രതിരോധമന്ത്രാലയം, റെയിൽവേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതൽ ഒഴിവുകളുള്ളത്.