ദില്ലി :തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിലെത്തും.ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം വികസനപദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും.രാവിലെ 11.30യ്ക്ക് ഇന്ത്യ എനർജി വീക്ക് പരിപാടി ബെംഗളുരുവിൽ ഉദ്ഘാടനം ചെയ്യുന്ന മോദി, 11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ൽ കേന്ദ്രങ്ങളും ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീൻ റാലിയും മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് മോദി തുമകുരുവിലെത്തും.
വൈകിട്ട് മൂന്നരയോടെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണശാല മോദി രാജ്യത്തിന് സമർപ്പിക്കും. തുമകുരു ഇൻഡസ്ട്രിയൽ ടൗൺഷിപ്പിനും മോദി തറക്കല്ലിടും. തുമുകുരുവിലെ തിപ്‍തൂരിലും ചിക്കനായകഹള്ളിയിലും ജൽജീവൻ മിഷന്‍റെ കീഴിൽ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുക.
2016-ലാണ് കർണാടകയിലെ തുമകുരുവിൽ ഈ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തദ്ദേശീയമായി ഒരു വർഷം 100 ഹെലികോപ്റ്ററുകൾ വരെ നിർമിക്കാൻ കഴിയുന്ന തരത്തിൽ ഫാക്ടറിയെ വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 615 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റർ നിർമാണ സമുച്ചയം. അതാണ് തുമകുരുവിലെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്‍റെ കീഴിലുള്ള ഈ ഹെലികോപ്റ്റർ ഫാക്ടറിയിൽ നിർമിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ പറക്കലിന് തയ്യാറായിക്കഴിഞ്ഞു.