കല്പറ്റ: വയനാടിനെ ചേര്‍ത്തുപിടിച്ച്, കണ്ണീരൊപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. നാടിനെ നടുക്കിയ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിച്ചശേഷംചേര്‍ന്ന അവലോകനയോഗത്തില്‍ വയനാടിന് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ‘നിങ്ങള്‍ ചെയ്യേണ്ടകാര്യങ്ങള്‍ എല്ലാംചെയ്യണം. കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും’-പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് വിശദമായ വിവരം എത്രയുംവേഗത്തില്‍ നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹം നിര്‍ദേശിച്ചു. ദുരന്തഭൂമിയിലെ കാഴ്ചകള്‍കണ്ട് ഉള്ളുലഞ്ഞ മനസ്സുമായി വികാരാധീനനായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആളുകളുടെ തൊഴില്‍ എന്നിവയിലുള്‍പ്പെടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു, അവരുടെ വേദനയില്‍ ഒപ്പം നില്‍ക്കുന്നു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളുംചെയ്യും. സംസ്ഥാനംചെയ്യുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ എല്ലാ പിന്തുണയുമുണ്ടാവും. ദുരന്തനിവാരണഫണ്ട് നേരത്തെതന്നെ കേന്ദ്രം നല്‍കിയിട്ടുണ്ട്. കുടുംബങ്ങളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കും ദുരന്തത്തില്‍ നഷ്ടമുണ്ടായവര്‍ക്കുമായി ദീര്‍ഘകാലപദ്ധതി തയ്യാറാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അവരുടെ ചുമതല നിര്‍വഹിക്കും -അദ്ദേഹം പറഞ്ഞു.