അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച ചാനൽസ് ഫീച്ചർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മോദിയെ വാട്സ്ആപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവെയ്ക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ ആദ്യം അറിയാനും സാധിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇരിക്കുന്ന ചിത്രമാണ് പ്രധാനമന്ത്രി മോദി ചാനലിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്. തുടർച്ചയായ ആശയവിനിമയങ്ങളുടെ യാത്രയിൽ പുതിയൊരു പടികൂടി. നമുക്ക് ഇവിടെ ബന്ധം നിലനിർത്താം. പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നുള്ള ഒരു ചിത്രം ഇതാ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറുപ്പ്.
ഒരു വൺ – വേ ബ്രോഡ്കാസ്റ്റിംഗ് ചാനൽ ആരംഭിക്കാനും ഒരേസമയം ധാരാളം സബ്‌സ്‌ക്രൈബർമാരുമായി കണക്റ്റുചെയ്യാനും പുതിയ ചാനൽസ് ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ട്വിറ്ററിൽ ഏറെ സജീവമായിരുന്ന ആളാണ് നരേന്ദ്രമോദി. ഇനി ട്വിറ്ററിന് പുറമേ വാട്സ്ആപ്പ് ചാനൽ വഴിയും ഫോളോവേഴ്സിന് അദ്ദേഹത്തിൽനിന്നുള്ള അപ്ഡേറ്റുകൾ അറിയാൻ സാധിക്കും. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി ബന്ധം നിലനിർത്താൻ ലഭ്യമായ എല്ലാ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായിക്കൂടിയാണ് മോദിയുടെ ചാനൽ എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
പാർലമെന്റ് നടപടികൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ ദിവസമാണ് മോദി പുതിയ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ പുതിയ വാട്സ്ആപ്പ് ചാനലിലേക്ക് എങ്ങനെ ജോയിൻ ചെയ്യാം എന്ന് നോക്കാം. അതിനായി ഉപയോക്താക്കൾ ആദ്യം ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഫോണിൽ വാട്സ്ആപ്പ് തുറന്ന് അപ്‌ഡേറ്റ് ടാബിലേക്ക് പോകുക. തുടർന്ന് ഫൈൻഡ് ചാനൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നരേന്ദ്ര മോദിഎന്ന് തിരയുക. അവിടെ ഫോളോ ചെയ്യാൻ സാധിക്കും വിധത്തിൽ പ്രധാനമന്ത്രി മോദിയുടെ ചാനൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും.
എന്നാൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും പുതിയ ഫീച്ചർ എത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. വാട്സ്ആപ്പ് ചാനലുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി നിങ്ങളുടെ വാട്ട്സ്ആപ്പ് ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടിരിക്കുക. വാട്സ്ആപ്പിലെ പുതിയ ചാനൽ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്. ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഗ്രൂപ്പുമായി ബന്ധം നിലനിർത്താനുള്ള ഒരു മാർഗം ഇത് വാഗ്ദാനം ചെയ്യുന്നു.