ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ – പാക് ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് മോദി പറഞ്ഞു. ഒരു ഹിന്ദി ചാനൽ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ ഇന്ത്യ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഇന്ത്യ ഇന്ന് താഴ്ത്തി. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കൂടുതൽ നടപടികൾ. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ ഉണ്ടാകും.