റിയോ ഡി ജനീറോ: ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യങ്ങൾക്ക് മോദി നന്ദി പറഞ്ഞു. ബ്രസീലിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മോദി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യ ഭീകരതയുടെ ഇരയാണ്. അതിനാൽ ഇരകളെയും ഭീകരതയെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി ഭീകരത വ്യാപിപ്പിക്കുന്നതിനെതിരെ ഒന്നും പറയാത്തവരെയും അദ്ദേഹം പരാമർശിച്ചു.
ഭീകരർക്ക് നിശബ്ദ സമ്മതം നൽകുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തം മണ്ണിൽ ഭീകരർക്ക് പാകിസ്ഥാൻ അഭയം നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ ഇന്ത്യ നിരത്തിയിട്ടുണ്ട്. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണം മുഴുവൻ മനുഷ്യരാശിക്കെതിരെയുള്ള പ്രഹരമായിരുന്നുവെന്നും മോദി പറഞ്ഞു. 2026-ല്‍ ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. പഹല്‍ഗാം ഭീകരാക്രമണത്തെ ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു.