കല്പറ്റ: ദുരന്തമേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്. നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ് നാട്. ദുരന്തബാധിതരുടെ പുനരധിവാസവും ജീവനോപാധി കണ്ടെത്തലുമടക്കം ഒട്ടേറെ വെല്ലുവിളികളാണ് മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദര്‍ശിക്കും. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് പോകും.
ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.