ന്യൂഡല്‍ഹി : കോവിഡ് -19 മഹാമാരി സമയത്ത് കരീബിയന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമര്‍പ്പണവും കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത അവാര്‍ഡ് സമ്മാനിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഗയാനയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ബുധനാഴ്ച നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്ക പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ സമ്മാനിച്ചു. ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം നല്‍കി എന്നെ ആദരിച്ചു. ഞാന്‍ ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.
കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഡൊമിനിക്കയ്ക്കുള്ള പ്രധാനമന്ത്രിയുടെ രാഷ്ട്രതന്ത്രത്തിന്റെയും സംഭാവനയുടെയും ഇന്ത്യ-ഡൊമിനിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡൊമിനിക്ക തങ്ങളുടെ പരമോന്നത പുരസ്‌കാരം മോദിക്ക് പ്രഖ്യാപിച്ചത്. 2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി ഡൊമിനിക്കയ്ക്ക് 70,000 ഡോസ് ആസ്ട്രസെനെക്ക കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്തിരുന്നു. ഇത് കരീബിയക്ക് പിന്തുണ നല്‍കാന്‍ ഡൊമിനിക്കയെ പ്രാപ്തമാക്കി. ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെറിറ്റിന്റെ ഓഫീസ് പറഞ്ഞു.