മോര്‍ബി : 134 പേരുടെ ജീവനെടുത്ത തൂക്കുപാല ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റ രാത്രിക്കൊണ്ട് പെയിന്‍റിങ്ങും മറ്റു അറ്റക്കുറ്റപണികളും ധൃതിപിടിച്ച് നടത്തി നവീകരിച്ചത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായായിരുന്നു തിങ്കളാഴ്ച രാത്രിയിലുള്ള ഈ ശുദ്ധികലശം. ചുമരുകളില്‍ പെയിന്‍റടിച്ചു. പുതിയ വാട്ടര്‍ കൂളറുകള്‍ എത്തിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ ബെഡ്ഷീറ്റുകളെല്ലാം മാറ്റി. രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെ വരെയും നിരവധി തൊഴിലാളികാണ് ആശുപത്രിയില്‍ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്നത്. പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പെയിന്‍റടിച്ചിട്ടുണ്ട്. ടൈലുകളടക്കം മാറ്റുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും (എഎപി) ആരോപണവുമായി മുന്നോട്ടു വന്നിരുന്നു. ‘നാളെ പ്രധാനമന്ത്രി മോദി മോര്‍ബിയിലെ സിവില്‍ ആശുപത്രി സന്ദര്‍ശിക്കും. അതിനു മുന്നോടിയായി, പെയിന്റിംഗ് നടക്കുന്നു, തിളങ്ങുന്ന ടൈലുകള്‍ ഇടുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളില്‍ അപാകതയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണ്. ഇവര്‍ക്ക് ഒരു നാണവുമില്ല. ഒരുപാട് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോഴും അവര്‍ ഇവന്റ് മാനേജ്മെന്‍റിന്‍റെ തിരക്കിലാണ്’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.