ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 446.52 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. വിദേകാര്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
യാത്രകള്‍ക്കായി ഉപയോഗിച്ച വിമാനത്തിന്റെ ചെലവ് കൂടി ഉള്‍പ്പെടുന്നതാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. 2015-16 ല്‍ 121.85 കോടി രൂപയും 2016-17 ല്‍ 78.52 കോടി രൂപയുമാണ് വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചത്. 2017-18 ല്‍ 99.90 കോടി രൂപയും 2018-19 ല്‍ 100.02 കോടി രൂപയുമാണ് ചെലവഴിച്ചതെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. 2019-20 ല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനായി 46.23 കോടി രൂപയാണ് ചെലവ് വരുത്തിയിട്ടുളളത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കോടികള്‍ ചെലവഴിച്ചുളള പ്രധാനമന്ത്രിയുടെ വിദേശ യാത്ര.