തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാന നഗരിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക് പുറമെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷ ക്രമീകരണങ്ങൾക്കായി വിന്യസിച്ചിരിക്കുന്നത്. രാവിലെ 10.15-നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ എത്തുക. പ്രധാനമന്ത്രിയുടെ യാത്രാ വഴികളിൽ പാർക്കിംഗുകൾ അനുവദിക്കില്ല. കൂടാതെ പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തുന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പൊതുപരിപാടിയ്‌ക്ക് വരുന്ന വാഹനങ്ങൾ തമ്പാനൂർ, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലോ, തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളേജ് പരിസരത്തോ, കിള്ളിപ്പാലത്തുള്ള ചാല ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലോ , ചാല ഗവ.ഹൈസ്‌കൂൾ ഗ്രൗണ്ടിലോ വേണം പാർക്ക് ചെയ്യാൻ.
സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് സംസ്‌കൃത കോളേജ് പരിസരത്തോ, യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തോ, കേരള യൂണിവേഴ്‌സിറ്റി ക്യാംപസ് പരിസരത്തോ, പാളയം എൽഎംഎസ് ഗ്രൗണ്ടിലോ, കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ടിലോ ആണ്.പൊതുപരിപാരിടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പ്രധാന റോഡിലോ, ഇടറോഡുകളിലോ പാർക്ക് ചെയ്യുവാൻ പാടില്ല. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കും. റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവിടങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ഇതിനോടകം തന്നെ കേന്ദ്ര സേന ഏറ്റെടുത്തിരുന്നു.
റെയിൽവേ സ്‌റ്റേഷനിലെ 1,2,3 പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും സുരക്ഷ മേഖലയാണ്. 4,5 പ്ലാറ്റ്‌ഫോമുകളിലേക്ക് മാത്രമേ യാത്രക്കാർക്ക് പ്രവേശനമുണ്ടാകുകയുള്ളു. നഗരത്തിൽ ഉച്ചയ്‌ക്ക് രണ്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖം ആഭ്യന്തര വിമാനത്താവളം മുതൽ ഓൾസെയിന്റസ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്‌ക്വയർ, പഞ്ചാപുര, ആർബിഐ, ബേക്കറി ജംഗ്ഷൻ, പനവിള, മോഡൽ സ്‌കൂൾ ജംഗ്ഷൻ, അരിസ്‌റ്റോ ജംഗ്ഷൻ, വാൻറോസ്, ജേക്കബ്‌സ്, സെൻട്രൽ സ്‌റ്റേഡിയം വരെയുള്ള റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തമ്പാനൂർ കെഎസ്ആർടിസി ടിപ്പോയും അടച്ചിടും.