ചീമേനി: പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരികെയെത്തി ക്വാറന്റീനില്‍ കഴിഞ്ഞ നാല് തടവുകാര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ചീമേനി തുറന്ന ജയിലിലെ 40 തടവുകാരെയാണ് വീണ്ടും ക്വാറന്റിനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ തുടര്‍ന്ന് കഴിഞ്ഞ 60 ദിവസമായി പരോളില്‍ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചെത്തി വിവിധ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിഞ്ഞ 197 തടവുകാരില്‍ 4 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.
ചീമേനിയില്‍ ക്വറന്റീനില്‍ നിര്‍ത്താനുള്ള സ്ഥലപരിമിതി മൂലം 100 തടവുകാരെ കണ്ണൂരിലും തലശ്ശേരിയിലുമായി ആണ് ക്വാറന്റിനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം കണ്ണൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ച 88 തടവുകാരില്‍ ഉള്‍പ്പെട്ടവരാണ് കൊറോണ വൈറസ് രോഗ ബാധിതര്‍. ക്വറന്റീന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ജയിലില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടി നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്കും കൊറോണ വൈറസ് കണ്ടെത്തിയത്. കോവിഡ് ബാധിച്ച നാല് തടവുകാരെ പാലയാട് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി.