കയ്യടികൾ വാരിക്കൂട്ടി മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാൻ’ സംബന്ധിയായി പുറത്തിറങ്ങിയ വാർത്ത നിഷേധിച്ച് സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവും. സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിൽ വന്ന വാർത്ത പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ നിരാകരിച്ചു. അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാർത്തകളുണ്ടായത്. ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളിൽ ‘L2 എമ്പുരാൻ’ ഷൂട്ടിംഗ് നടക്കും എന്നായിരുന്നു ഉള്ളടക്കം.
ദേശീയ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരമൊരു വാർത്ത പുറത്തെത്തിയത്. “വാർത്ത എവിടെ നിന്നും ഉണ്ടായി എന്നറിയില്ല. പക്ഷേ ‘L2 എമ്പുരാന്’ പ്രോമോയോ പ്രോമോ ഷൂട്ടോ ഉണ്ടാവില്ല. ഈ മാസം സിനിമയ്ക്കായി എന്തെങ്കിലും ചെയ്യണം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന തിയതിയും, മറ്റു ചില വിവരങ്ങളും പുറത്തുവിടണം എന്ന് കരുതുന്നു,” പൃഥ്വിരാജ് പറഞ്ഞു. ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പൃഥ്വിരാജ് നിലവിൽ വിശ്രമത്തിലാണ്.