തിരുവനന്തപുരം: ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് സിനിമ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. ധനമന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് പ്രശംസാപത്രം സമ്മാനിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം നിര്‍മാണക്കമ്പനി ഔദ്യോ?ഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവര്‍ പങ്കുവെച്ചു.
2019-ല്‍ പുറത്തിറങ്ങിയ 9 എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം നിര്‍മിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സിനിമ നിര്‍മാണ മേഖലയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് കുരുതി, ജനഗണമന, കുമാരി, ഗോള്‍ഡ്, സെല്‍ഫി തുടങ്ങിയ ചിത്രങ്ങളും കമ്പനി നിര്‍മിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഡ്രൈവിങ് ലൈസന്‍സ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ചു. ഗുരുവായൂരമ്പല നടയില്‍ ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം.