പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനു പിന്നാലെ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ പിന്‍വലിക്കുകയാണ്. ഇതോടെ മിക്ക ധനകാര്യസ്ഥാപനങ്ങളുടെയും നില കൂടുതല്‍ പരുങ്ങലിലായി. പലിശയൊന്നും വേണ്ടെന്നും മുതല്‍ മാത്രം തന്നാല്‍ മതിയെന്നുമാണ് നിക്ഷേപകരുടെ നിലപാട്.
കാലാവധി ആയിട്ടില്ലെന്നും ഇപ്പോള്‍ നിക്ഷേപം പിന്‍വലിക്കുവാന്‍ കഴിയില്ലെന്നും ചില ധനകാര്യ സ്ഥാപനങ്ങള്‍ മുട്ടാത്തര്‍ക്കം പറയുന്നുണ്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാന്‍ നിക്ഷേപകര്‍ തയ്യാറാകുന്നില്ല. നിക്ഷേപമായി ലഭിച്ച പണം മറ്റു മേഖലയിലേക്ക് മുടക്കിയതിനാല്‍ പലരും സാമ്പത്തികമായി നല്ല ഞെരുക്കത്തിലാണ്. എന്നാല്‍ ഇതൊക്കെ ആരും അറിയാതെ പരിഹരിക്കുകയാണ് ഇവര്‍ ചെയ്യുന്നത് . നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ വരുന്നവര്‍ക്ക് മടക്കിനല്കുന്നതിനുള്ള പണം വിവിധ വഴികളിലൂടെ ഇവര്‍ സമാഹരിച്ചിട്ടുണ്ട്. കോടികള്‍ പലിശക്ക് നല്‍കുന്ന മാര്‍വാടികളും ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്. ഇവരാണ് മിക്ക ധനകാര്യസ്ഥാപനങ്ങളേയും ഇപ്പോള്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയാല്‍ കാര്യങ്ങള്‍ തകിടം മറിയും.
നിക്ഷേപങ്ങള്‍ സ്വീകരിച്ചിട്ടുള്ള ബഹുഭൂരിപക്ഷം ധനകാര്യസ്ഥാപനങ്ങള്‍ക്കും അതിനുള്ള അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ പത്ര, ദൃശ്യ മാധ്യമങ്ങള്‍ ജനങ്ങളില്‍നിന്നും മൂടിവെച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി ഇപ്പോഴും പരസ്യം നല്കുന്നവരുമുണ്ട്. നിക്ഷേപിക്കുന്ന പണം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇരട്ടിയാകുമെന്നാണ് ഇവരുടെ വാഗ്ദാനം. പ്രലോഭനങ്ങളില്‍ക്കൂടി എങ്ങനെയും നിക്ഷേപങ്ങള്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തിക്കുകയാണ് ലക്‌ഷ്യം. നിക്ഷേപകരെ വലയിലാക്കുന്ന മാനേജര്‍മാര്‍ക്കും സോണല്‍ മാനേജര്‍മാര്‍ക്കും വന്‍തുക കമ്മീഷനും നല്‍കുന്നുണ്ട്.
സഹകരണ ബാങ്കുകളില്‍ നിന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ ചില സഹകരണ ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തിയത് കഴിഞ്ഞ നാളിലാണ്. ഇതുമൂലം സഹകരണ ബാങ്കുകളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലേക്കും കേരളാ ബാങ്കിലേക്കുമാണ് ഒഴുകുന്നത്. എന്നാല്‍ ഏറെപ്പേരും പണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് മുടക്കുന്നു. ചെറിയ വസ്തുക്കള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ വാങ്ങുന്നതിനുമാണ് പലര്‍ക്കും താല്‍പ്പര്യം. മുതല്‍ ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല സാഹചര്യത്തിന് അനുസരിച്ച് ലാഭവും കിട്ടും. വാണിജ്യ പ്രാധാന്യമുള്ള കെട്ടിടങ്ങളിലും ചിലര്‍ പണം മുടക്കുന്നുണ്ട്. കട വാടകയിനത്തില്‍ എല്ലാ മാസവും നിശ്ചിത വരുമാനം ഇതിലൂടെ ലഭിക്കുമെന്നതാണ് ഇതിന്റെ കാരണം. മാന്ദ്യത്തിലായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.