പത്തനംതിട്ട: ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഭാഗികമായി സര്‍വീസ് ആരംഭിക്കും ഇതിന് മുന്നോടിയായി ബസുകള്‍ അണുവിമുക്തമാക്കുന്ന ജോലികള്‍ നടന്നു. കോവിഡ് 19 നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് ബാക്കി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആര്‍.ടി.ഒയും ബസ് ഓണേഴ്സും തമ്മില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അടക്കം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബസുകള്‍ അണുവിമുക്തമാക്കുന്ന ജോലികള്‍ നടന്നത്. പത്തനംതിട്ട ആര്‍.ടി.ഒ ജിജി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രസാദിന്റെ മേല്‍നോട്ടത്തിലാണ് ബസുകള്‍ അണുവിമുക്തമാക്കിയത്. ബസിന്റെ വാതിലിലെ കമ്പികള്‍ , സീറ്റ് കമ്പികള്‍ ,ഷട്ടറുകള്‍ , ഡ്രൈവര്‍ ക്യാബിന്‍ , എന്നിങ്ങനെ എല്ലാ ഭാഗവും അണുവിമുക്തമാക്കി.
അടുത്ത ദിവസം മുതല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ ആരംഭിക്കും. ഇതോടൊപ്പം പൊതു ജനങ്ങളുടെ യാത്ര ക്ലേശം കൂടി പരിഹരിക്കാന്‍ വേണ്ടിയാണ് നഷ്ടത്തിലാണെങ്കിലും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ബസ് ഓണേഴ്സ് അസോസിയേഷന്‍ തയ്യാറായത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ ജില്ലാ അതിര്‍ത്തിയില്‍ യാത്രക്കാര്‍ക്ക് തുടര്‍ യാത്രയ്ക്ക് സൗകര്യം ഒരുക്കിയാണ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു.