കോഴിക്കോട് : പലിശക്കെണിയൊരുക്കി പാവങ്ങളുടെ കിടപ്പാടമടക്കം തട്ടുന്ന സംഘങ്ങള്‍ ഇടവേളക്കുശേഷം വീണ്ടും നാട്ടിന്‍പുറങ്ങളില്‍ സജീവമാകുന്നു. താമരശ്ശേരി, ബാലുശ്ശേരി, വടകര, കക്കയം എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നത്.
മാവൂര്‍ റോഡിലെ സ്ഥാപനമാണ് കക്കയത്തെ സ്ത്രീയുടെ നാല് സെന്റ് പുരയിടം പലിശക്കെണിയില്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്. കോവിഡ് സമസ്ത മേഖലകളെയും സ്തംഭനത്തിലാക്കിയ വേളയില്‍പോലും കണ്ണില്‍ ചോരയില്ലാതെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത് എന്നാണ് പരാതി.
വസ്തുവിന്റെ ആധാരം, ചെക്ക് ലീഫുകള്‍ എന്നിവ ഈട് നല്കി സ്വകാര്യ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പണം കടം വാങ്ങിയ പലര്‍ക്കും തുടരെയുള്ള ലോക്ഡൗണും മറ്റും കാരണം പലിശപോലും തിരിച്ചടക്കാന്‍ കഴിയുന്നില്ല. പലിശയടക്കാന്‍ സാവകാശംപോലും നല്‍കാത്ത ചിലരാണ് ഇരട്ടിപ്പലിശ ഈടാക്കുന്നതും അവസരം മുതലാക്കി കിടപ്പാടമടക്കം കൈക്കലാക്കാനും ശ്രമിക്കുന്നത്. അംഗീകൃത സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും സ്വര്‍ണപ്പണയത്തിലും വസ്തു വായ്പയിലും വിട്ടുവീഴ്ചയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
പ്രളയകാലത്ത് വിവിധ കോണുകളില്‍നിന്ന് ഇത്തരക്കാര്‍ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് വിഷയത്തിലിടപെടുകയും തിരിച്ചടവ് മുടങ്ങിയതിന്മേലുള്ള നടപടികള്‍ നിര്ത്തിവെക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ഇത്തരത്തിലൊരാനുകൂല്യവും ലഭിക്കുന്നില്ലെന്നാണ് കടക്കെണിയിലകപ്പെട്ടവര് പറയുന്നത്.
ദേശസാത്കൃത ബാങ്കുകള്‍ നേരത്തെ നാല് ശതമാനം പലിശക്ക് യഥേഷ്ടം സ്വര്‍ണപ്പണയ വായ്പ നല്‍കിയിരുന്നു. ഇത് പെട്ടെന്ന് നിര്‍ത്തിവെച്ചതാണ് സാധാരണക്കാരിലധികവും സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെ കടക്കെണിയിലകപ്പെടാനിടയാക്കിയത്. വായ്പ വാങ്ങി കച്ചവടവും കുടില്‍ വ്യവസായവും ആരംഭിച്ചവര്‍ കോവിഡ് കാരണം രക്ഷപെടാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.