കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാന്‍ തീരുമാനിച്ച വാര്‍ത്ത വന്നതോടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വ. എ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘വിജയം വരെയും സമരം ചെയ്യും എന്ന് മുദ്രാവാക്യം വിളിച്ചത് വെറുതെയല്ല. സഖാവ് കെ കെ രാഗേഷ് നയിച്ച കര്‍ഷക സമരം ഡല്‍ഹിയിലും സഖാവിന്റെ ജീവിത സഖിയുടെ ഉദ്യോഗ സമരം കണ്ണൂരും വിജയിച്ചു. ഒരേ ദിവസം, ഏതാണ്ട് ഒരേ സമയം. ഈ വിജയം എല്ലാ സമരസഖാക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു. അഭിവാദ്യങ്ങള്‍, ആശംസകള്‍.’ ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
അസോസിയേറ്റ് പ്രൊഫസറാകാന്‍ നടത്തിയ അഭിമുഖത്തില്‍ പ്രിയവര്‍ഗീസിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് സര്‍വകലാശാല നിയമനം നല്‍കുമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന പരാതി.