കണ്ണൂര്‍ : പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. യു ജി സിയുടെ എല്ലാ മാനദണ്ഡവും പാലിച്ചാണ് നിയമനം. ഇതുമായി മുന്നോട്ടുപോകും. ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് അത് നേരത്തെ ചൂണ്ടിക്കാണിക്കാം. നിയമനം സംബന്ധിച്ച വിശദീകരണം കഴിഞ്ഞ 12ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയിട്ടുണ്ടെന്നും വി സി പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെത് യജമാന ഭക്തിയാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഒരു നിയമജ്ഞരും ഇത് ചൂണ്ടിക്കാട്ടിയിട്ടില്ല. ഗവര്‍ണര്‍ പദവിയേക്കാള്‍ വലിയ എന്തോ ലക്ഷ്യമിട്ട് സംഘപരിവാറിനെ സുഖിപ്പിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.