ദില്ലി: ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാല്‍ അത് നിയമ പ്രകാരമാകണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണം. എന്നാല്‍ അത് രാജ്യത്തെ നിയമത്തിന് കീഴിലായിരിക്കണം. നമ്മുടെ രാജ്യത്തെ നിയമം ഭരണഘടനയില്‍ എഴുതിയിട്ടുണ്ടെന്നും ഈ നിയമം പരമപ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും ലംഘിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഇന്നലെ രാത്രിയിലാണ് ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിക്കുന്നത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. വെള്ളിയാഴ്ച്ച രാത്രി പ്രയാഗ് രാജില്‍ എത്തിയ പ്രതികള്‍ റെയില്‍വേ സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ താമസിച്ചു. തുടര്‍ന്ന് അതീഖിനെ ശനിയാഴ്ച്ച രാത്രി മെഡിക്കല്‍ കോളേജില്‍ എത്തിക്കുമെന്ന വിവരം ലഭിച്ചതോടെ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ അവിടേക്ക് നീങ്ങി. എന്‍.സി.ആര്‍ ന്യൂസ് എന്ന പേരിലായിരുന്നു ഇന്നലെ പ്രയാഗ്രാജിലെ ആശുപത്രി പരിസരത്ത് അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികള്‍ കടന്നുകൂടിയത്. അക്രമത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.