ന്യൂഡല്‍ഹി : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ലോധി എസ്റ്റേറ്റ് ബംഗ്ലാവിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. പുതിയ വസതിയുടെ അറ്റകുറ്റപണികള്‍ പുരോഗമിക്കുന്നതിനാല്‍ അത് കഴിയുന്നത് വരെ തത്കാലം ഗുരുഗ്രാമിലെ ഭര്‍ത്താവിന്റെ പേരിലുള്ള ഫ്ലാറ്റിലേക്ക് മാറി. 23 വര്‍ഷക്കാലം പ്രിയങ്ക താമസിച്ച വീടാണ് ഒഴിഞ്ഞത്. ബി.ജെ.പി എം.പിയും ദേശീയ വക്താവുമായ അനില്‍ ബലൂനിയാണ് ബംഗ്ലാവിലെ പുതിയ താമസക്കാരന്‍.
ജൂലൈ 1 നാണ് കേന്ദ്ര നഗര വികസന മന്ത്രാലയം ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ആഗസ്റ്റ് 1നകം ഒഴിയണമെന്ന് കാണിച്ച് പ്രിയങ്കക്ക് നോട്ടീസ് നല്‍കിയത്. ഗാന്ധി കുടുംബത്തിനുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ബംഗ്ലാവ് ഒഴിയാനുള്ള നിര്‍ദ്ദേശം ലഭിച്ചത്.
കഴിഞ്ഞ നവംബറിലാണ് എസ്.പി.ജി സുരക്ഷ പിന്‍വലിച്ചത്. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് പ്രിയങ്കക്കുള്ളത്. ഈ സുരക്ഷയുള്ളവര്‍ക്ക് ലോധി എസ്റ്റേറ്റിലെ വീടിന് അര്‍ഹതയില്ലാത്തതിനാലാണ് ഒഴിയാന്‍ നിര്‍ദ്ദേശമുണ്ടായതെന്നാണ് സൂചന. 1997ലാണ് ലോധി എസ്റ്റേറ്റിലെ 35ാം നമ്പര്‍ ബംഗ്ലാവ് പ്രിയങ്കക്ക് അനുവദിച്ചത്. എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും മാത്രമായി കേന്ദ്രം നിജപ്പെടുത്തിയിരുന്നു.