ദില്ലി: ദില്ലിയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ 3,500 ഡോളർ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോർട്ട്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവർക്ക് പണം നൽകിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളർ ആയിരുന്നു. അറസ്റ്റിലായ പ്രതികൾ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിലാണ് ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തിയത്. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ടായിരുന്നു. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖലിസ്ഥാൻ സംഘടന പുറത്തു വിട്ടു.
അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ദില്ലിയിൽ ശിവാജി പാർക്ക് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടത്. ജി20 ഇന്ത്യയിൽ നടക്കുന്നതിനെതിരെയായിരുന്നു ചില മുദ്രാവാക്യങ്ങൾ. മുദ്രാവാക്യങ്ങൾ എഴുതിയ ഒരു വീഡിയോയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂർണ്ണമായും നീക്കം ചെയ്തിരുന്നു.