പത്തനംതിട്ട : ജില്ലയിലെ വിസര്‍ജന വിമുക്ത പ്ലസ് പദവി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഒഡിഎഫ് പ്ലസ് പദവിയുടെ പ്രഖ്യാപനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക കാംപെയ്ന്‍ നവംബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയിലെയും ജീവിതശൈലീ രോഗങ്ങളെ കണ്ടെത്തി, രോഗം വരാനുള്ള സാധ്യതകളെ കണ്ടെത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഒഡിഎഫ് പ്ലസ് പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
വളരെ വേഗം നേടിയെടുക്കാന്‍ സാധിക്കുന്നതല്ല ഒഡിഎഫ് പ്ലസ് പദവി. ഏറെ മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യമായി മുന്നോട്ട് പോകുന്നതിനാലാണ് ഇത് സാധ്യമായത്. എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതു ഇടങ്ങള്‍ വൃത്തിയുള്ളതും മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കുക, എല്ലാ വീടുകളിലും, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതുസ്ഥാപനങ്ങളിലും അജൈവ, ജൈവമാലിന്യങ്ങളും, ദ്രവമാലിന്യങ്ങളും സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, ഹരിതകര്‍മസേനയുടെ സേവനം ലഭ്യമാക്കുക, ഒഡിഎഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് വിവര വിജ്ഞാന വ്യാപന ബോര്‍ഡുകളും പ്രാമുഖ്യത്തോടെ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍.
സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഹരിത കര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം മികച്ചതാണ്. ഇതേ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മിഷനുകളെ നിലനിര്‍ത്തി അവയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി നവകേരളം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ഹരിതകര്‍മ്മസേനാംഗങ്ങളെ മൊമെന്റോ നല്‍കി മന്ത്രി ആദരിച്ചു. തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീനാ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ടി.വര്‍ഗീസ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാറാവു, വാര്‍ഡ് മെമ്പര്‍മാരായ എസ്.ജയന്‍, ഗിരീഷ്‌കുമാര്‍, മോനി ബാബു, മറിയാമ്മ ബിജു, കെ.കെ അമ്പിളി, ഷിനുമോള്‍ എബ്രഹാം,
ഡി.ചിഞ്ചു, കെ.സി പവിത്രന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈനി രാജ് മോഹന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമ്മന്‍ ചക്കാലയില്‍, കെ.പി മോഹനന്‍, എ.പുരുഷോത്തമന്‍, പി.എസ് റെജി, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ് കുമാര്‍, വി.ഇ.ഒ. ബിജു പിള്ള, ക്ലീന്‍ കേരള പ്രതിനിധി ദിലീപ്, ഹരിത കേരള മിഷന്‍ ആര്‍പി വിശ്വനാഥന്‍ ആചാരി, സെക്രട്ടറി പി.എ ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.