പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സംസ്ഥാന ഗവണ്‍മെന്‍റ് 2019 മുതല്‍ അനുവദിച്ച ശമ്പള പരിഷ്കാരവും കുടിശികയും അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതിഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ഗുരുവായൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ്, കേരള വാട്ടര്‍ അതോറിറ്റി എന്നിങ്ങനെ ഒട്ടുമിക്ക സ്ഥാപനങ്ങളും ശമ്പള പരിഷ്കാരം നടപ്പാക്കിയെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പെന്‍ഷനേഴ്സ് കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറന്മുള ദേവസ്വം കമ്മീഷണര്‍ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ജി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബി.എം.എസ് ജില്ലാ പ്രസിഡന്‍റ് എം.കെ അരവിന്ദന്‍, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.ജി സനല്‍കുമാര്‍, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എന്‍ രാധാചന്ദ്രന്‍, തട്ടയില്‍ രതീഷ്, കൊച്ചുകുട്ടന്‍ ഉണ്ണിത്താന്‍ ആര്‍. വിനോദ് തുടങ്ങിവര്‍ പ്രസംഗിച്ചു.