ഇടുക്കി: പീരുമേട് താലൂക്കിലെ മൂന്ന് വില്ലേജുകളിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി നിലനിന്നിരുന്ന നിരോധനാജ്ഞ ജൂലൈ 9 വരെ നീട്ടിക്കൊണ്ട് ജില്ലാ കളക്ടര്‍ വി.വിഘ്നേശ്വരി ഉത്തരവിട്ടു. പീരുമേട് വില്ലേജിലെ സർവ്വേ നമ്പർ 534, മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 441, വാഗമൺ വില്ലേജിലെ സർവേ നമ്പർ 724, 813, 896 എന്നിവിടങ്ങളിൽ ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങളിലാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163ാം വകുപ്പ് പ്രകാരം മാര്‍ച്ച് 6 മുതൽ മേയ് രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇത് നീട്ടിക്കൊണ്ടാണ് ഇന്നലെ പുതിയ ഉത്തരവിറങ്ങിയത്. ഇതനുസരിച്ച് മേയ് 9 മുതല്‍ ജൂലൈ 9 വരെ ഈ പ്രദേശങ്ങളില്‍ വീണ്ടും നിരോധനാജ്ഞ നിലവില്‍ വന്നു. യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തുവാന്‍ പാടില്ല, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
വിവാദമായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് അന്വേഷണവും പരിശോധനയും നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകാത്തതുകൊണ്ടാണ് നിരോധനാജ്ഞ വീണ്ടും നീട്ടേണ്ടിവന്നത്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സർക്കാർ ഭൂമിയിൽ യാതൊരുവിധത്തിലുള്ള അനധികൃത കൈയേറ്റങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് പീരുമേട് തഹസിൽദാർ, പീരുമേട് ഡിവൈ.എസ്.പി, ജില്ലാ ജിയോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരാണ് ഉറപ്പുവരുത്തേണ്ടത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും.
അതേസമയം പരുന്തുംപാറ കയ്യേറ്റ ആരോപണം ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്നും ചില ഉദ്യോഗസ്ഥരുടെ സങ്കുചിത താല്‍പ്പര്യമാണ് ഇതിനുപിന്നിലുള്ളതെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടുമാസം നിരോധനാജ്ഞ പ്രഖ്യാപിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ കയ്യേറ്റങ്ങള്‍ ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഊഹാപോഹങ്ങളും ചില സംശയങ്ങളും മാത്രമാണ് ഇപ്പോഴുമുള്ളത്. നിരോധനാജ്ഞ അടുത്ത രണ്ടുമാസം കൂടി നീട്ടിയത് അന്വേഷണ സംഘത്തെ സഹായിക്കുവാനാണ്. എന്നാല്‍ ഇതുകൊണ്ടും കാര്യമായ ഒരു പുരോഗതിയും ഉണ്ടാകാന്‍ ഇടയില്ല. ഇടുക്കിപോലുള്ള ഒരു ജില്ലയിലെ ഭൂമി സംബന്ധമായ പരിശോധനകള്‍ വളരെ സങ്കീര്‍ണ്ണമാണ്. ഇത്തരം നടപടികള്‍ക്ക് ഏറെ കാലതാമസവും ഉണ്ടാകും.
യഥാര്‍ഥ കയ്യേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതിനു പകരം ഇവിടെ മുഴുവന്‍ ജനങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് അന്വേഷണം. പ്രധാന ടൂറിസം മേഖലയായ പരുന്തുംപാറയില്‍ അനിശ്ചിതത്വം തുടരുന്നത് എന്തുകൊണ്ടും നല്ലതല്ല. ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടേ നിലച്ചിരിക്കുകയാണ്. നാലുമാസം നീളുന്ന നിരോധനാജ്ഞകൊണ്ടുണ്ടാകുന്ന ആഘാതങ്ങള്‍ പെട്ടെന്നൊന്നും വിട്ടൊഴിയില്ല. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ അനുമതികളും വാങ്ങിക്കൊണ്ട് പരുന്തുംപാറയില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പണിയുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടക്ക് ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങളാണ് പരുന്തുംപാറയില്‍ ഉണ്ടായിരിക്കുന്നത്. ഇനിയും ഇവിടെ പണം മുടക്കാന്‍ വരുന്നവര്‍ കൂടുതല്‍ ആലോചിക്കും, ഇത് ആ നാടിന്റെ വികസനത്തെ തന്നെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ജില്ലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മുതിര്‍ന്ന റവന്യൂ ജീവനക്കാരുടെ അനുഭവസമ്പത്ത് ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ ചില ഉദ്യോഗസ്ഥരുടെ അപകര്‍ഷതാബോധം അനുവദിക്കുന്നില്ല. പഴയ രേഖകളുടെയും സ്കെച്ചുകളുടെയും സഹായത്തോടെ റീ സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ കൃത്യമായി കണ്ടുപിടിക്കാമെന്നിരിക്കെ അതിനൊന്നും തുനിയാതെ ഒരു പ്രദേശത്തുള്ളവരെ മുഴുവന്‍ കയ്യേറ്റക്കാരും കൊള്ളക്കാരുമായി മുദ്ര കുത്തിയതിനുപിന്നില്‍ എന്തൊക്കെയോ ചില ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുവേണം കരുതുവാന്‍. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നും സംശയിക്കുന്നു.